'വെനിസ്വേലയ്ക്ക് പകരം യുക്രെയ്ന്‍' എന്ന വിചിത്ര കരാര്‍ റഷ്യ മുന്നോട്ടുവെച്ചതായി ട്രംപിന്റെ മുന്‍ സഹായി

'വെനിസ്വേലയ്ക്ക് പകരം യുക്രെയ്ന്‍' എന്ന വിചിത്ര കരാര്‍ റഷ്യ മുന്നോട്ടുവെച്ചതായി ട്രംപിന്റെ മുന്‍ സഹായി


വാഷിംഗ്ടണ്‍: അപ്രതീക്ഷിതമായ സൈനിക നടപടിയില്‍ അമേരിക്ക വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ മോസ്‌കോ പിന്തുണ ശക്തമാക്കി. എന്നാല്‍, ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ ഡെപ്യൂട്ടി അസിസ്റ്റന്റായ ഫിയോണ ഹില്ലിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ഒരിക്കല്‍ റഷ്യ 'വെനിസ്വേലയ്ക്ക് പകരം യുക്രെയ്ന്‍' എന്ന അതീവ വിചിത്രമായ ഒരു കൈമാറ്റ കരാര്‍ മുന്നോട്ടുവെച്ചിരുന്നു.

2019ല്‍ നടന്ന ഒരു കോണ്‍ഗ്രസിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഈ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ട്രംപിന്റെ ആദ്യ കാലാവധിക്കിടെ വെനിസ്വേലയിലെ നിക്കോളാസ് മഡൂറോയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ റഷ്യ തയ്യാറാകാമെന്നും അതിന് പകരം യുക്രെയ്നില്‍ തങ്ങള്‍ക്ക് സ്വതന്ത്ര ഇടപെടല്‍ അനുവദിക്കണമെന്നുമാണ് റഷ്യന്‍ ഭാഗം സൂചന നല്‍കിയതെന്ന് ഹില്‍ വ്യക്തമാക്കി.

2019ലെ കോണ്‍ഗ്രസില്‍ 'വെനിസ്വേലയെയും യുക്രെയ്നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്യന്തം വിചിത്രമായ ഒരു കൈമാറ്റ സംവിധാനത്തെക്കുറിച്ച്' റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നുവെന്ന് ഹില്‍ പറഞ്ഞു.

അന്നത്തെ സാഹചര്യത്തില്‍, 1823ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മണ്‍റോ പ്രഖ്യാപിച്ച മണ്‍റോ സിദ്ധാന്തത്തെ ഉദ്ധരിക്കുന്ന റഷ്യന്‍ മാധ്യമ ലേഖനങ്ങളിലൂടെയാണ് മോസ്‌കോ ഈ ആശയം മുന്നോട്ടുവെച്ചതെന്നും ഹില്‍ വിശദീകരിച്ചു. പാശ്ചാത്യ അര്‍ധഗോളത്തില്‍ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു ഈ സിദ്ധാന്തം. യൂറോപ്പ് അമേരിക്കകളില്‍ നിന്ന് അകലം പാലിക്കണമെന്നും അതിന് പകരം അമേരിക്ക യൂറോപ്യന്‍ വിഷയങ്ങളില്‍ ഇടപെടില്ലെന്നും വ്യക്തമാക്കുന്ന ഈ നയം നൂറ്റാണ്ടുകളായി അമേരിക്കന്‍ വിദേശനയത്തിന്റെ അടിസ്ഥാനമായിരുന്നു. വെനിസ്വേലയിലെ നടപടിയെ ന്യായീകരിക്കാനും ട്രംപ് ഇതേ സിദ്ധാന്തം ഉദ്ധരിച്ചിരുന്നു.

മഡൂറോയ്‌ക്കെതിരായ അമേരിക്കന്‍ രഹസ്യ സൈനിക ദൗത്യത്തിന് പിന്നാലെ, ഹിലിന്റെ ഈ പരാമര്‍ശങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എ പിയുമായി സംസാരിച്ച ഹില്‍ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചു. 

അന്നത്തെ ഘട്ടത്തില്‍, റഷ്യയുടെയും യൂറോപ്പിന്റെയും കാര്യങ്ങളില്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന ഹില്‍, 'യു ക്രെയ്നും വെനിസ്വേലയുമെല്ലാം പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങളാണ്' എന്ന് റഷ്യന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായും എ പി റിപ്പോര്‍ട്ട് ചെയ്യുന്നു.