എംബ്രയറുമായി കൈകോര്‍ത്തു അദാനി; ഇന്ത്യയില്‍ ആദ്യ വാണിജ്യ വിമാനം നിര്‍മ്മാണ കേന്ദ്രത്തിന് വഴി തുറക്കുന്നു

എംബ്രയറുമായി കൈകോര്‍ത്തു അദാനി; ഇന്ത്യയില്‍ ആദ്യ വാണിജ്യ വിമാനം നിര്‍മ്മാണ കേന്ദ്രത്തിന് വഴി തുറക്കുന്നു


ഇന്ത്യയുടെ വ്യോമയാന രംഗത്ത് ചരിത്ര വഴിത്തിരിവിന് വഴിയൊരുക്കി അദാനി ഗ്രൂപ്പ്. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ വാണിജ്യ യാത്രാവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അന്തിമ അസംബ്ലി ലൈന്‍ (Final Assembly Line – FAL) സ്ഥാപിക്കാന്‍ അദാനി എയ്‌റോസ്‌പേസ് ധാരണയിലെത്തി. പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ ആദ്യമായാണ് വാണിജ്യ ഫിക്‌സ്ഡ്‌വിംഗ് വിമാന നിര്‍മ്മാണം ആരംഭിക്കുക.

അദാനി-എംബ്രയര്‍ ധാരണാപത്രം കഴിഞ്ഞ മാസം ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനം ഹൈദരാബാദില്‍ നടക്കുന്ന 'വിംഗ്‌സ് ഇന്ത്യ' വ്യോമയാന പ്രദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നിര്‍മ്മാണ കേന്ദ്രത്തിന്റെ സ്ഥലം, നിക്ഷേപ തുക എന്നിവയും അന്നേ ദിവസം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

70 മുതല്‍ 146 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയുന്ന എംബ്രയറിന്റെ ഇ-ജെറ്റ് ശ്രേണിയിലെ വിമാനങ്ങളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ എംബ്രയറിന്റെ ഏറ്റവും വലിയ ഉല്‍പ്പാദന മോഡലായ E195-E2 വിമാനങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാനാണ് ഇന്ത്യയിലെ എഅഘ സഹായകരമാകുക. 2025ലെ അവസാന പാദത്തില്‍ മാത്രം കമ്പനി 91 വിമാനങ്ങള്‍ ഡെലിവറി ചെയ്തിരുന്നു; മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനയാണിത്.

ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന വിപണികളിലൊന്നായ ഇന്ത്യയില്‍ വിമാന ക്ഷാമം രൂക്ഷമാണ്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ബോയിങ്, എയര്‍ബസ് കമ്പനികളില്‍ നിന്ന് 1,500ലധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഡെലിവറിക്ക് ഒരു ദശകത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ തന്നെ വാണിജ്യ വിമാന നിര്‍മ്മാണം ആരംഭിക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

150 സീറ്റുകള്‍ വരെയുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എംബ്രയറിന്റെ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം സാന്നിധ്യമുണ്ട്. സ്റ്റാര്‍ എയര്‍ ആണ് നിലവില്‍ രാജ്യത്ത് എംബ്രയര്‍ ജെറ്റുകള്‍ ഉപയോഗിക്കുന്ന ഏക വാണിജ്യ വിമാനക്കമ്പനി. കൊല്‍ഹാപ്പൂര്‍ ആസ്ഥാനമായ സഞ്ജയ് ഘോടാവത് ഗ്രൂപ്പ് നടത്തുന്ന ഈ എയര്‍ലൈന്‍, രണ്ടാം തലമുറ എംബ്രയര്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി സര്‍വീസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയും എംബ്രയറിന്റെ വിവിധ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

'മേക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി വ്യോമയാന നിര്‍മ്മാണം ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എയര്‍ബസ്-ടാറ്റ കൂട്ടുകെട്ടില്‍ സൈനിക ഗതാഗത വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും, വാണിജ്യ യാത്രാവിമാനങ്ങള്‍ക്ക് ഇതുവരെ അത്തരമൊരു കേന്ദ്രം ഉണ്ടായിരുന്നില്ല. അദാനി-എംബ്രയര്‍ പദ്ധതി നടപ്പായാല്‍ ആ കുറവ് നികത്തപ്പെടും.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമയാന മേഖലയിലായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. വിമാന അറ്റകുറ്റപ്പണി, പരിപാലന മേഖലകളില്‍ നിക്ഷേപം ആരംഭിച്ച ഗ്രൂപ്പ്, വിമാനത്താവള മേഖലയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനും പദ്ധതിയിടുന്നു. നിലവില്‍ തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.

ഇന്ത്യയില്‍ വാണിജ്യ വിമാനം നിര്‍മ്മാണം യാഥാര്‍ഥ്യമാകുന്നതോടെ, ആഭ്യന്തര വിമാനക്കമ്പനികള്‍ക്കും പുതിയ സംരംഭകര്‍ക്കും വലിയ ആശ്വാസമാകും. അതോടൊപ്പം, ആഗോള വ്യോമയാന ഭൂപടത്തില്‍ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം ഉറപ്പാക്കാനും ഈ പദ്ധതി വഴിയൊരുക്കും.