കാണാതായ പൈലറ്റിനായി തിരച്ചില്‍ തുടരുന്നു; എഫ്16 യുദ്ധവിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കി തായ്‌വാന്‍

കാണാതായ പൈലറ്റിനായി തിരച്ചില്‍ തുടരുന്നു; എഫ്16 യുദ്ധവിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കി തായ്‌വാന്‍


തൈപെയ്: കടലില്‍ തകര്‍ന്നുവീണതായി കരുതുന്ന എഫ്16 യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താനുള്ള തിരച്ചില്‍ ശക്തമാക്കിയതോടെ, തായ്‌വാന്‍ എഫ്16 യുദ്ധവിമാനങ്ങളുടെ മുഴുവന്‍ ഫ്‌ലീറ്റും താല്‍ക്കാലികമായി നിലത്തിറക്കിയതായി പ്രതിരോധ മന്ത്രി വെല്ലിങ്ടണ്‍ കൂ അറിയിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് നടപടി.

കിഴക്കന്‍ തീരദേശത്ത് നിന്നു പറന്നുയര്‍ന്ന സിംഗിള്‍സീറ്റ് എഫ്16വി വിമാനം ഏകദേശം 70 മിനിറ്റ് പറന്നതിന് ശേഷം പൈലറ്റ് ഇജക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം കടലില്‍ പതിച്ചെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റിനെ കണ്ടെത്തുന്നതിനായി 30 വിമാനങ്ങളും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും 22 കപ്പലുകളും രണ്ട് ഡ്രോണുകളും രംഗത്തിറക്കിയിട്ടുണ്ട്. കരഭാഗത്തും വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.

'ഇപ്പോള്‍ ഞങ്ങളുടെ ഏക ലക്ഷ്യം തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പരമാവധി ശക്തമാക്കുകയാണ്,' മന്ത്രി കൂ വ്യക്തമാക്കി. എഫ്16 വിമാനങ്ങള്‍ നിലത്തിറക്കിയിട്ടുണ്ടെങ്കിലും ശനിയാഴ്ചയ്ക്കകം പരിശോധന പൂര്‍ത്തിയാകുമെന്നും രാജ്യത്തിന്റെ വ്യോമപ്രതിരോധത്തില്‍ യാതൊരു വിടവുമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ചൈനയില്‍ നിന്ന് ഉയരുന്ന ഭീഷണികളെ നേരിടാന്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള തായ്‌വാന്റെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവം ഏറെ ഗൗരവത്തോടെ കാണപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ നിന്ന് 66 എഫ്16വി യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. പഴകിയ എഫ്16 എ/ബി മോഡലുകളുടെ നവീകരിച്ച നാലാംതലമുറ മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങളാണ് ഇവ.