പാര്‍ട്ടി ഓഫീസിലെ റെയ്ഡിന് സമാനം; ഐപാക് റെയ്ഡില്‍ പ്രതിപക്ഷത്തിന് ആശങ്ക, രാഷ്ട്രീയവല്‍ക്കരണമെന്ന ആരോപണം

പാര്‍ട്ടി ഓഫീസിലെ റെയ്ഡിന് സമാനം; ഐപാക് റെയ്ഡില്‍ പ്രതിപക്ഷത്തിന് ആശങ്ക, രാഷ്ട്രീയവല്‍ക്കരണമെന്ന ആരോപണം


ന്യൂഡല്‍ഹി / കൊല്‍ക്കത്ത: 2014 മുതല്‍ കേന്ദ്ര ഏജന്‍സികള്‍ വഴി പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്ന ആരോപണം ശക്തമായിരിക്കെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പുതിയ നടപടി പ്രതിപക്ഷകക്ഷികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐപാക് (I-PAC) ഓഫീസുകളില്‍ നടത്തിയ റെയ്ഡാണ് വിവാദത്തിന് വഴിവെച്ചത്.

സ്വകാര്യ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്പനിയെ ആദ്യമായാണ് ഇഡി റെയ്ഡ് ചെയ്യുന്നത്. അതും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ഐപാക് സഹകരിക്കുന്ന സമയത്താണ് നടപടി. ബിജെപിക്കെതിരേ നേരിട്ട് മത്സരിക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ഥാപനമാണ് ഐപാക്.

കൊല്‍ക്കത്തയില്‍ ആറ് സ്ഥലങ്ങളിലും ഡല്‍ഹിയില്‍ നാല് ഇടങ്ങളിലുമായി, ഐപാക് ഡയറക്ടര്‍ പ്രാട്ടിക് ജെയിന്റെ വസതിയടക്കം പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തെരഞ്ഞടുപ്പിലും തെരഞ്ഞെടുപ്പ് തന്ത്രരൂപീകരണത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനത്തെ ലക്ഷ്യമിട്ട നടപടി 'പാര്‍ട്ടി ഓഫീസില്‍ നടത്തിയ റെയ്ഡിന് തുല്യമാണെന്ന്' പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും ഐപാക് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡിഎംകെയുടെ പ്രചാരണതന്ത്ര രൂപീകരണ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി പങ്കാളിയാകുന്നത്. തമിഴ്‌നാട്ടില്‍ ഏകദേശം 20 ജീവനക്കാരാണ് ഐപാക്-നു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിച്ച ബിജെപി പ്രചാരണത്തിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് ബിജെപിയില്‍ നിന്ന് വേര്‍പിരിഞ്ഞ നിതീഷ് കുമാറിനൊപ്പം (2015), പഞ്ചാബിലും യുപിയിലും കോണ്‍ഗ്രസിനൊപ്പം (2017), ആന്ധ്രയില്‍ വൈഎസ്ആര്‍സിപിയോടൊപ്പം (2019, 2024), മഹാരാഷ്ട്രയില്‍ ശിവസേന, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി, തമിഴ്‌നാട്ടില്‍ ഡിഎംകെ (2021) എന്നിവയുമായി ഐപാക് പ്രവര്‍ത്തിച്ചു. 2021 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് കിഷോര്‍, പിന്നീട് ഐപാക്കില്‍ നിന്ന് പിന്മാറി.

ഇഡി റെയ്ഡുകള്‍ കല്‍ക്കരി കടത്ത് അഴിമതി കേസുമായി ബന്ധിപ്പിച്ചാണ് നടത്തിയത്. എന്നാല്‍ സമയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 'ഇതൊരു വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണെങ്കില്‍, രണ്ട് വര്‍ഷം മുന്‍പ് റെയ്ഡ് നടത്താമായിരുന്നില്ലേ? തെരഞ്ഞെടുപ്പിന് മുന്‍പേ മാത്രമാണ് ഇഡി എത്തുന്നതെന്ന്' ബംഗാള്‍ കോണ്‍ഗ്രസ് ചുമതലവഹിക്കുന്ന ഘുലാം അഹമ്മദ് മിര്‍ ചോദിച്ചു.

'വസ്തുതകളും സത്യവും വിശ്വാസ്യതയും റെയ്ഡ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് രാഷ്ട്രീയ ഉപദേശകരെ ലക്ഷ്യമിടുന്നത്. ജനാധിപത്യം അസൗകര്യമാകുമ്പോള്‍ ഏജന്‍സികളെ ആയുധമാക്കുകയാണ് ബിജെപി,' കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി വിമര്‍ശിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ നിലപാട് നിലനിര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ഐപാക് തൃണമൂലിന്റെ 'കണ്ണും കാതും' ആണെന്നും, ബംഗാളില്‍ 'അധാര്‍മ്മികവും ഗൂഢാലോചനാപരവുമായ' രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുവെന്നും ആരോപിച്ചു.

സി.പി.ഐ.എം റെയ്ഡിനെ 'നാടകീയ നടപടി'യെന്ന് വിശേഷിപ്പിച്ചു. 'എല്ലാ റെയ്ഡുകള്‍ക്കും ഒടുവില്‍ സത്യം പുറത്തുവരുന്നില്ല. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് കേസിലും കേന്ദ്ര ഏജന്‍സി ഇടപെട്ടിട്ടും സത്യം പുറത്തുവന്നില്ല,' പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.ഡി. സലീം പറഞ്ഞു.

ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ മൗനം പാലിച്ചെങ്കിലും, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, 'ബംഗാളില്‍ ബിജെപി കനത്ത തോല്‍വി നേരിടുന്നുവെന്ന ആദ്യ തെളിവാണ് ഈ ഇഡി നടപടി' എന്ന് പ്രതികരിച്ചു.

മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ഇഡിസിബിഐ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 2022ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, മോഡി ഭരണകാലത്ത് രാഷ്ട്രീയ നേതാക്കളെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷത്തിനെതിരെയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ ഡിഎംകെയും നേരിടുന്ന തുടര്‍ച്ചയായ ഇഡി നടപടികള്‍, കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ദുരുപയോഗം എന്ന ആരോപണം വീണ്ടും ശക്തമാക്കുകയാണ്.