ഇത് ഊം ജാനിന്റെ കഥ; പതിനാലാം വയസ്സില്‍ പുകവലി തുടങ്ങി; 121-ാം ജന്മദിനത്തില്‍ ആസ്മയെ തുടര്‍ന്ന് മരിച്ചു

ഇത് ഊം ജാനിന്റെ കഥ; പതിനാലാം വയസ്സില്‍ പുകവലി തുടങ്ങി; 121-ാം ജന്മദിനത്തില്‍ ആസ്മയെ തുടര്‍ന്ന് മരിച്ചു


കേപ്ടൗണ്‍: പതിനാലാം വയസുമുതല്‍ പുകവലിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി 121-ാം പിറന്നാള്‍ ആഘോഷിച്ച് മണിക്കൂറുകള്‍ക്കകം ആസ്ത്മയെ തുടര്‍ന്ന് മരിച്ചു. ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയിലെ കൊള്‍ചെസ്റ്റര്‍ ഗ്രാമത്തില്‍ പുതുവത്സര ദിനത്തിലാണ് അദ്ദേഹം അന്തരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ജാന്‍ സ്റ്റീന്‍ബര്‍ഗ് എന്നാണ് അദ്ദേഹത്തിന്റെ പേരെങ്കിലും 'ഊം ജാന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. തനിക്ക് 121 വയസുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് അദ്ദേഹം. എന്നാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അദ്ദേഹത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെന്ന റെക്കോര്‍ഡ് 113 വയസുള്ള ബ്രസീലിയന്‍ സൂപ്പര്‍ സെന്റിനേറിയന്‍ ജോവോ മറീനോ നെറ്റോയ്ക്കാണ്.

1904 ഡിസംബര്‍ 31-നാണ് താന്‍ ജനിച്ചതെന്നായിരുന്നു ഊം ജാന്റെ വാദം. ജീവിതകാലത്ത് അദ്ദേഹം കല്ലറ കുഴിക്കുന്ന തൊഴിലാളിയായും മത്സ്യത്തൊഴിലാളിയായും ഗോള്‍ഫ് കാഡിയായും ജോലി ചെയ്തിട്ടുണ്ട്. ലോകയുദ്ധങ്ങള്‍, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന കാലഘട്ടം, കോവിഡ്-19 മഹാമാരി തുടങ്ങിയ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിരുന്നു.

2025-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍, തന്റെ ദീര്‍ഘായുസിന് കാരണം ദൈവത്തിലുള്ള വിശ്വാസമാണെന്ന് ഊം ജാന്‍ പറഞ്ഞിരുന്നു.

താന്‍ പുകവലിക്കുമെങ്കിലും ദൈവമാണ് തന്റെ ഓക്‌സിജനും രക്ഷകനുമെന്നും 14-ാം വയസുമുതല്‍ പുകവലിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം അന്നൊക്കെ സിഗരറ്റ് മോഷ്ടിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി.

ജീവിതകാലം മുഴുവന്‍ കുടിച്ചിരുന്ന ഒരു ഔഷധപാനീയമാണ് തന്നെ സജീവവും ആരോഗ്യമുള്ളവനുമായി നിലനിര്‍ത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് പെണ്‍മക്കളും രണ്ട് കൊച്ചുമക്കളും കൂടാതെ കൊച്ചുമക്കളുടെ രണ്ട് കൊച്ചുമക്കളുമാണ് അദ്ദേഹത്തിന് ശേഷിക്കുന്ന കുടുംബം. നാല് നായകളും ഒരു പൂച്ചയും അദ്ദേഹത്തിന് വളര്‍ത്തുമൃഗങ്ങളായി ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം.

പ്രായം മൂലം ഓരോ വര്‍ഷവും 'സീനിയര്‍ സിറ്റിസണ്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നുവെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. ചടങ്ങിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഊം ജാന്‍.

അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത് വിനയശീലമുള്ള മാന്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു ഊം ജാന്‍ എന്നാണ്. എപ്പോഴും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്തിരുന്ന അദ്ദേഹം തൊപ്പി ധരിക്കുകയും ആഘോഷങ്ങളില്‍ നൃത്തം ചെയ്യുകയും ചെയ്തിരുന്നു.