വാഷിംഗ്ടണ്‍: ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പരമാവധി 10 ശതമാനം പരിധി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. എന്നാല്‍ ഈ പരിധി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ട്രംപ് നല്‍കിയിട്ടില്ല.
'ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അമേരിക്കന്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് ഇനി അനുവദിക്കില്ല' എന്ന കടുത്ത വാക്കുകളോടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. 2024 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ഈ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതുവരെ നിയമപരമായ രൂപം കൈവരിക്കാത്തതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ ട്രംപിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ഇത്തരമൊരു പരിധി നിയമപരമായി കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ ചില ബില്ലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവ ഇതുവരെ പാസായിട്ടില്ല. ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം ഭരണകൂടത്തിന്റെ ഔദ്യോഗിക നയമാണോ, അല്ലെങ്കില്‍ രാഷ്ട്രീയ പ്രഖ്യാപനമാത്രമാണോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് വ്യക്തത നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ ഓഫീസ് പലിശപരിധി ഏര്‍പ്പെടുത്തുന്നുവെന്ന് സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ എക്‌സ്പ്രസ്, ക്യാപിറ്റല്‍ വണ്‍, ജെപി മോര്‍ഗണ്‍, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ അമേരിക്കയിലെ പ്രമുഖ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ ഈ നീക്കം നടപ്പിലായാല്‍ ഉയര്‍ന്ന പലിശനിരക്കുകള്‍ കാരണം കടബാധ്യതയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിയമപരമായ അടിത്തറ ഇല്ലാതെ ഇത് എത്രമാത്രം പ്രായോഗികമാകുമെന്നത് ഇപ്പോഴും അനിശ്ചിതമാണ്.
ഒരു വര്‍ഷത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് പലിശ 10% - ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം
