ഇറാനിലെ പ്രതിഷേധത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമെന്ന് ഖമനെയി ; ഭ്രാന്ത് എന്ന് പ്രതികരിച്ച് വാഷിംഗ്ടണ്‍

ഇറാനിലെ പ്രതിഷേധത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമെന്ന് ഖമനെയി ; ഭ്രാന്ത് എന്ന് പ്രതികരിച്ച് വാഷിംഗ്ടണ്‍


ടെഹ്‌റാന്‍: ഇറാനില്‍ പതിന്മൂന്നാമത്തെ ദിവസമാണ് ജനങ്ങളുടെ പ്രതിഷേധം തുടരുന്നത്. വില വര്‍ധനവിന്റെയും രാഷ്ട്രീയ നിരാശയുടെയും പശ്ചാത്തലത്തിലാണ് ഇറാന്‍ ജനത തെരുവുകളിലേക്ക് ഇറങ്ങി,  വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ജനങ്ങള്‍ സംഘടിക്കുന്നത് തടയാനും പ്രതിഷേധാഹ്വാനങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും രാജ്യത്തെ അധികാരികള്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ശ്രമിച്ചു.  ഇന്റര്‍നെറ്റ് നിരോധനത്തെ 'ജനാവകാശ ലംഘനത്തെ മറയ്ക്കാനുള്ള ശ്രമം' എന്നാണ് ആഗോള അവകാശ സംഘടനയായ ആമ്‌നസ്റ്റി വിമര്‍ശിച്ചത്.

ഇതിനിടെ ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ വീണ്ടും ആക്രമണം ഉണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബാസ് അറാഘ്ചി ലെബനാനില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അറിയിച്ചു. എന്നാല്‍ 'അമേരിക്കന്‍-ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ ഈ സമയത്ത് വ്യത്യസ്തമാണെന്നും , അവര്‍ ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളെ അതിക്രമത്തിലേക്ക് തള്ളാന്‍ ശ്രമിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ, പ്രതിഷേധക്കാരെ 'അക്രമകാരികള്‍' എന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും വിശേഷിപ്പിച്ച ഇറാന്റെ പരമോന്നത നേതാവ് ആയതോല്ലാഹ് അലി ഖമനെയി കലാപത്തിനുപിന്നിലെ അമേരിക്കയുടെ പങ്കിനെയും സൂചിപ്പിച്ചു. 'ട്രംപിന്റെ കൈകളില്‍ ആയിരത്തിലധികം ഇറാന്‍കാരുടെ രക്തക്കറ പിടിച്ചിരിക്കുന്നു' എന്നും ഖമനെയി പറഞ്ഞു. മുന്‍ രാജവംശങ്ങളെ പോലെ അമേരിക്കയുടെ 'അഹങ്കാരിയായ നേതാവ്' അധികാരത്തില്‍ നിന്ന് മാറുമെന്നും അദ്ദേഹം പ്രവചനം പോലെ, കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ വിദേശകാര്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളെ 'ഭ്രാന്ത്' എന്നാണ് മറുപടിയായി,   വാഷിംഗ്ടണ്‍ വിശേഷിപ്പിച്ചത്.  'ഇറാനിലെ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തള്ളിക്കൊണ്ടുള്ള ഒരു ഭ്രാന്തമായ ശ്രമമാണിതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ഇറാനിലെ പ്രതിഷേധങ്ങള്‍ ഇപ്പോഴും അനിയന്ത്രിതമായി കത്തിക്കയറുകയാണ്. വില വര്‍ധനവ്, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, രാഷ്ട്രീയവും ഭരണപരവുമായ എതിര്‍പ്പുള്‍ എന്നിവയാണ് ജനങ്ങളെ തെരുവിലിറക്കുന്നത്.  ഇന്റര്‍നെറ്റ് നിയന്ത്രണത്തിലൂടെ പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ രൂപം പുറംലോകത്തില്‍ നിന്നു മറച്ചുപിടിക്കാനാണ് രാജ്യത്തെ അധികാരികള്‍  ശ്രമിക്കുന്നത്.