'ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ നേറ്റോ തന്നെ തകരും'; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്

'ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ നേറ്റോ തന്നെ തകരും'; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്


കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചാല്‍ അതിന് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്തരം ഒരു നീക്കം നേറ്റോ സഖ്യത്തിന്ഡറെതന്നെ അവസാനമാകുമെന്നും ഡെന്‍മാര്‍ക്ക് പാര്‍ലമെന്റംഗവും പ്രതിരോധ സമിതി അധ്യക്ഷനുമായ റാസ്മസ് ജാര്‍ലോവ് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ ഡെന്‍മാര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും, എന്നാല്‍ നേറ്റോയിലെ രണ്ട് അംഗരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം 'വളരെ മൂഢവും വിനാശകരവുമായ' സാഹചര്യമുണ്ടാക്കുമെന്നും എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ജാര്‍ലോവ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കാന്‍ യാതൊരു ഭീഷണിയുടെയോ ശത്രുതയുടെയോ ന്യായീകരണമില്ലെന്നും, ഇതിനകം തന്നെ ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് സൈനികവും സാമ്പത്തികവുമായ പ്രവേശനാവകാശങ്ങളുണ്ടെന്നും ജാര്‍ലോവ് ചൂണ്ടിക്കാട്ടി. ഖനന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ കരാര്‍ നിലവിലുണ്ടായിരിക്കെ സൈനിക നടപടി ചിന്തിക്കുന്നത് അനാവശ്യമാണെന്നും, വിഷയം കൂടുതല്‍ വഷളാകാതിരിക്കുമെന്ന പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമം ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും തള്ളിയിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപ് ആ നിര്‍ദ്ദേശം വീണ്ടും ഉയര്‍ത്തിയെങ്കിലും, ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. '57,000 ഡാനിഷ് പൗരന്മാരെ അമേരിക്കക്കാര്‍ ആക്കാന്‍ ഞങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയില്ല. അത് അവര്‍ തന്നെ വ്യക്തമായി പറഞ്ഞതാണ്,' ജാര്‍ലോവ് പറഞ്ഞു.

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാന്‍ അമേരിക്ക സൈനികാക്രമണം നടത്തിയാല്‍ നേറ്റോയുടെ ആര്‍ട്ടിക്കിള്‍ 5 പ്രയോഗിക്കേണ്ടിവരുമെന്നും, അപ്പോള്‍ അമേരിക്കയ്‌ക്കെതിരേ തന്നെ സഖ്യരാജ്യങ്ങള്‍ നിലകൊള്ളേണ്ടിവരുന്ന അസംബന്ധാവസ്ഥ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്ക അതിനെ വീറ്റോ ചെയ്താല്‍ നേറ്റോ സഖ്യം തന്നെ ഇല്ലാതാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നതിനായി 'വിവിധ വഴികള്‍' അമേരിക്ക പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. സൈനിക ശക്തിയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന പ്രസ്താവന വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റ് നടത്തി. ആര്‍ട്ടിക് മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുന്‍ഗണനയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്ത ആഴ്ച ഡെന്‍മാര്‍ക്കിലും ഗ്രീന്‍ലാന്‍ഡിലും ഉള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. സൈനിക നടപടിയല്ല, ദ്വീപ് വാങ്ങലാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കൂടിക്കാഴ്ചയെ ആവശ്യമായ സംവാദമായി ഡെന്‍മാര്‍ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.