ഇറാനില്‍ പ്രതിഷേധം കനക്കുന്നു; യുഎഇ, ഖത്തര്‍, തുര്‍ക്കി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ഇറാനില്‍ പ്രതിഷേധം കനക്കുന്നു; യുഎഇ, ഖത്തര്‍, തുര്‍ക്കി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി


ടെഹ്‌റാന്‍ : രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യുഎഇ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലെ പ്രധാന വിമാനക്കമ്പനികള്‍. സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും ആശയവിനിമയ തടസ്സങ്ങളും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ദുബായില്‍ നിന്ന് ടെഹ്‌റാന്‍, ഷിറാസ്, മഷ്ഹദ് നഗരങ്ങളിലേക്കുള്ള 17 ഫ്‌ലൈദുബൈ സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കിയതായി ദുബൈ എയര്‍പോര്‍ട്ട്‌സ് വെബ്‌സൈറ്റ് അറിയിച്ചു. വെള്ളിയാഴ്ചയ്ക്കുള്ള എല്ലാ ഇറാന്‍ സര്‍വീസുകളും റദ്ദാക്കിയെന്നും സാഹചര്യം നിരീക്ഷിച്ച് ഷെഡ്യൂള്‍ പുനപരിശോധിക്കുമെന്നും ഫ്‌ലൈ ദുബൈ വക്താവ് വ്യക്തമാക്കി.

യുഎഇയ്ക്കു പുറമേ ഖത്തറിലും സര്‍വീസ് തടസ്സമുണ്ടായി. ദോഹ-ടെഹ്‌റാന്‍ റൂട്ടിലെ കുറഞ്ഞത് രണ്ട് വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കിയതായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു. ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്കു മടങ്ങിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. തുര്‍ക്കിയിലും വ്യാപകമായ റദ്ദാക്കലുകളുണ്ടായി. തുര്‍ക്കിഷ് എയര്‍ലൈന്‍സ് 17 സര്‍വീസുകളും എജെറ്റ് ആറു സര്‍വീസുകളും റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബജറ്റ് വിമാനക്കമ്പനിയായ പെഗാസസ് എയര്‍ലൈന്‍സും ഇറാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

അതേസമയം, ഇറാന്‍ എയര്‍, മഹാന്‍ എയര്‍, ഖെഷം എയര്‍ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നിലവില്‍ സാധാരണ രീതിയില്‍ തുടരുന്നതായാണ് വിവരം. ഡിസംബര്‍ അവസാനം മുതല്‍ രാജ്യത്ത് തുടരുന്ന ശക്തമായ പ്രതിഷേധങ്ങളാണ് വിമാന സര്‍വീസുകളില്‍ വ്യാപക തടസ്സങ്ങള്‍ക്ക് കാരണമായത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍കാല കലാപഘട്ടങ്ങളിലേതുപോലെ സുരക്ഷാ ആശങ്കകളും ആശയവിനിമയ തടസ്സങ്ങളും കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ താല്‍ക്കാലികമായി സര്‍വീസുകള്‍ കുറയ്ക്കുകയാണെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടെഹ്‌റാന്‍ ഭരണകൂടം രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇറാന്‍ പുറംലോകവുമായി പ്രായോഗികമായി ബന്ധം നഷ്ടപ്പെട്ട നിലയിലാണ്. ഫോണ്‍ കോളുകള്‍ പോലും പലപ്പോഴും ബന്ധപ്പെടാത്ത അവസ്ഥയാണുള്ളത്. വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഇടയ്ക്കിടെ മാത്രമാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. വ്യാഴാഴ്ച ആരംഭിച്ച മൊബൈല്‍ ഇന്റര്‍നെറ്റ് നിയന്ത്രണം വെള്ളിയാഴ്ചയും തുടര്‍ന്നതോടെ യാത്രയും പ്രവര്‍ത്തനങ്ങളും കൂടുതല്‍ അനിശ്ചിതത്വത്തിലായി.

യുഎസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഇതുവരെ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കത്തുന്ന ബസുകളും കാറുകളും മോട്ടോര്‍ബൈക്കുകളും, മെട്രോ സ്‌റ്റേഷനുകളിലും ബാങ്കുകളിലും തീപിടിത്തവും കാണിക്കുന്നതായി അവകാശപ്പെട്ടു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം പിളര്‍ന്നുപോയ പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ (എംകെഒ) ആണ് കലാപങ്ങള്‍ക്ക് പിന്നിലെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ ആരോപണം.