ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഖാമനെയി; പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഖാമനെയി; പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്


ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്ത പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയി യു എസ് ഭരണകൂടത്തെയും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെയും ശക്തമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ ടി വി ചാനലിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂചനയും അദ്ദേഹം നല്‍കി.
നൂറുകണക്കിന് മാന്യരായ ജനങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെയാണ് ഇസ്ലാമിക് റിപ്പബ്ലിക് അധികാരത്തിലെത്തിയതെന്നും അട്ടിമറിക്കാരുടെയും നാശകാരികളുടെയും മുന്നില്‍ രാജ്യം പിന്മാറില്ലെന്നും ഖാമനെയി പറഞ്ഞു. വിദേശ ശക്തികള്‍ക്കായി 'വാടക സൈനികരായി' പ്രവര്‍ത്തിക്കുന്നവരെ ഇറാന്‍ സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ തെരുവുകളിലെ പ്രതിഷേധക്കാര്‍ യു എസ് പ്രസിഡന്റിനെ സന്തോഷിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഖാമനെയി ആരോപിച്ചു. ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് ട്രംപിന് അറിയാമായിരുന്നുവെങ്കില്‍ സ്വന്തം രാജ്യത്തെയെങ്കിലും ഭരിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഖാമനെയി കൂട്ടിച്ചേര്‍ത്തു.
മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാന്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാരെ കുറ്റപ്പെടുത്തിയപ്പോള്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്  സദസില്‍ നിന്ന് 'ഡെത്ത് ടു അമേരിക്ക' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
പ്രതിഷേധക്കാരെ 'നാശകാരികള്‍' എന്നു വിശേഷിപ്പിച്ച ഖാമനെയി അവരുടെ മുന്നില്‍ ഇസ്ലാമിക് റിപ്പബ്ലിക് 'ഒരിക്കലും പിന്മാറില്ല' എന്ന് ആവര്‍ത്തിച്ചു.
കഴിഞ്ഞ ജൂണില്‍ യു എസ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിച്ച് ആയിരത്തിലധികം ഇറാനികളുടെ രക്തം യു എസ് പ്രസിഡന്റിന്റെ കൈകളിലുണ്ടെന്ന് ഖാമനെയി ആരോപിച്ചു.
'അഹങ്കാരിയായ' യു എസ് നേതാവും മറ്റ് സമാന നേതാക്കളെ പോലെ തന്നെ 'പതനത്തിലേക്ക്' പോകുമെന്ന് ഖാമനെയി പ്രവചിച്ചു. 1979ലെ വിപ്ലവത്തിന് മുമ്പ് ഇറാനില്‍ ഭരിച്ച സാമ്രാജ്യത്വ വംശത്തെ പോലെ ട്രംപും തകര്‍ന്നുവീഴുമെന്ന് അദ്ദേഹം പറഞ്ഞു.
ഫറവോ, നംറൂദ്, റേസ ഖാന്‍, മുഹമ്മദ് റേസ എന്നിവരെ ഉദാഹരിച്ച്, അഹങ്കാരത്തിന്റെ പരമാവധിയിലെത്തിയ ലോകത്തിലെ ശക്തരായ ഭരണാധികാരികള്‍ എല്ലാം തന്നെ അട്ടിമറിക്കപ്പെട്ടുവെന്ന് ഖാമനെയി പറഞ്ഞു. അദ്ദേഹത്തിനും അതേ വിധി തന്നെയായിരിക്കുമെന്നും ഖാമനെയി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ യുവാക്കളോട് ഐക്യത്തോടെ നിലകൊള്ളാന്‍ ഖാമനെയി ആഹ്വാനം ചെയ്തു.
ഇറാനെക്കുറിച്ച് അഭിപ്രായം പറയുന്നതിന് പകരം സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്‌നങ്ങളിലേക്കാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഖാമനെയി ഉപദേശിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ടെഹ്‌റാനിലും ഗോര്‍ഗാനിലും പ്രതിഷേധക്കാര്‍ 'ഡെത്ത് ടു ദ ഡിക്ടേറ്റര്‍', 'ഡെത്ത് ടു ഖാമനെയി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായി കാണുന്നുണ്ട്.
പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന് അധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ വെള്ളിയാഴ്ച ഇറാന്‍ ഭൂരിഭാഗവും ആശയവിനിമയത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു. ഫോണ്‍ കോളുകള്‍ ലഭ്യമാകാതിരിക്കുകയും വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഇടയ്ക്കിടെ മാത്രം അപ്ഡേറ്റുകള്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനത്തോടെ കുത്തനെ ഉയര്‍ന്ന വിലക്കയറ്റത്തിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അശാന്തിയിലേക്കാണ് വ്യാപിച്ചതെന്നും എല്ലാ പ്രവിശ്യകളിലും കലാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.