വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫുകളെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വെള്ളിയാഴ്ച യു എസ് സുപ്രിം കോടതി വിധി പ്രസ്താവിച്ചില്ല. ഇതോടെ, അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് നിക്ഷേപകരെയും ആഗോള വിപണികളെയും അനിശ്ചിതത്വത്തില്‍ തുടരാന്‍ കോടതി തീരുമാനിച്ചു.
ആഗോളതലത്തില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ താരിഫുകളുടെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസുകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. ഈ പശ്ചാത്തലത്തില്‍, ട്രംപിന്റെ താരിഫ് യുദ്ധവുമായി ബന്ധപ്പെട്ട കുറഞ്ഞത് ഒരു വിഷയത്തില്‍ എങ്കിലും വെള്ളിയാഴ്ച വിധി ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷ. തുടര്‍ന്നുകൊണ്ടിരിക്കുന്ന താരിഫ് നടപടികളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ജനുവരി 9 'ഓപീനിയന്‍ ഡേ' ആയി കോടതി നിശ്ചയിച്ചിരുന്നുവെങ്കിലും, ഒരു കേസിലും വിധി പ്രസ്താവിച്ചില്ല.
അടുത്തതായി എപ്പോള്‍ വിധികള്‍ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വിധികള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റിന്റെ അധികാരപരിധിയെ നേരിട്ട് പരീക്ഷിക്കുന്ന നിര്‍ണായക വിധിയായി ഈ കേസ് കണക്കാക്കപ്പെടുന്നു. 2025 ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് ട്രംപ് ഉന്നയിച്ച ദൂരവ്യാപക അവകാശവാദങ്ങളില്‍ സുപ്രിം കോടതിയുടെ നിലപാട് വ്യക്തമാക്കുന്നതായിരിക്കും ഈ തീരുമാനം. വിധി ആഗോള സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
