അലെപ്പോ : കുര്‍ദ് നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഷെയ്ഖ് മഖ്‌സൂദ് മേഖലയില്‍ വീണ്ടും സിറിയന്‍ സൈന്യം ആക്രമണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ യുദ്ധവിരാമം പൂര്‍ണമായും തകര്‍ന്നു. പിന്മാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കുര്‍ദ് സേനകള്‍ അംഗീകരിച്ചില്ലെന്നാരോപിച്ചാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.
അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (SDF) അനുബന്ധ കുര്‍ദ് സേനകളുമായുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അലെപ്പോയില്‍ രൂക്ഷമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ ഇരുപക്ഷവും യുദ്ധവിരാമത്തിന് ധാരണയായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുര്‍ദ് പോരാളികള്‍ ആയുധങ്ങളുമായി കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പിന്മാറണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ ഇത് 'ബലപ്രയോഗത്തിലൂടെയുള്ള കീഴടങ്ങല്‍' ആണെന്നാരോപിച്ച് കുര്‍ദ് നേതൃത്വം തള്ളിക്കളഞ്ഞു. തങ്ങള്‍ നിയന്ത്രിക്കുന്ന മേഖലകള്‍ വിട്ടുനല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ, ഷെയ്ഖ് മഖ്‌സൂദ് ഉള്‍പ്പെടെയുള്ള കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ വീണ്ടും വ്യോമാക്രമണം നടത്തുമെന്ന് സിറിയന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സൈനിക കേന്ദ്രങ്ങളെന്ന് ആരോപിക്കുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. പ്രദേശവാസികള്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്ന നിര്‍ദേശവും നല്‍കി.
മനുഷ്യകാരുണ്യ പാത തുറന്നെങ്കിലും വൈകുന്നേരത്തോടെ അത് അടച്ചതായി റിപ്പോര്‍ട്ടുണ്ട്. പലരും ആവശ്യമായ സാധനങ്ങളുമായി വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു ആഴ്ചയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ബഷര്‍ അല്‍ അസദിനെ പുറത്താക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും സിറിയയില്‍ സമാധാനം ഇനിയും അകലെ തന്നെയാണെന്ന് അലെപ്പോയിലെ പുതിയ അക്രമങ്ങള്‍ വ്യക്തമാക്കുന്നു.
അലെപ്പോയിലെ കുര്‍ദ് മേഖലയില്‍ വീണ്ടും സിറിയന്‍ വ്യോമാക്രമണം; വെടിനിര്‍ത്തല്‍ തകര്‍ന്നു
