'മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ കുറ്റവാളി'; മഡൂറോയെ പോലെ അമേരിക്ക നെതന്യാഹുവിനെയും തട്ടിക്കൊണ്ടുപോകണമെന്ന് പാക് പ്രതിരോധമന്ത്രി

'മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ കുറ്റവാളി'; മഡൂറോയെ പോലെ അമേരിക്ക നെതന്യാഹുവിനെയും തട്ടിക്കൊണ്ടുപോകണമെന്ന് പാക് പ്രതിരോധമന്ത്രി


ഇസ്ലാമാബാദ്:   ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ കുറ്റവാളി'യെന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവാജ ആസിഫ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ നടന്നുവെന്ന് ആരോപിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പരാമര്‍ശം ആസിഫ് നടത്തിയത്. മനുഷ്യത്വത്തില്‍ വിശ്വാസമുണ്ടെങ്കില്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അധികാരത്തില്‍ നിന്നു പുറത്താക്കിയതുപോലെ നെതന്യാഹുവിനെയും അമേരിക്ക 'കിഡ്‌നാപ്പ്' ചെയ്ത് മാറ്റണമെന്നും പാക് പ്രതിരോധമന്ത്രി അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിക്കും ഇത്തരമൊരു നടപടി സ്വീകരിക്കാമെന്നും, ഇതിന് വേണ്ടി 'പാകിസ്ഥാനികള്‍ പ്രാര്‍ത്ഥിക്കുകയാണെന്നും' ആസിഫ് പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയതായി ആരോപിക്കുന്ന ആക്രമണങ്ങള്‍ ചരിത്രത്തിലെ മറ്റേതൊരു സമൂഹവും നടത്തിയിട്ടില്ലെന്നും, കഴിഞ്ഞ നാലായിരം മുതല്‍ അഞ്ചായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്രയധികം ക്രൂരതകള്‍ ലോകം കണ്ടിട്ടില്ലെന്നും ആസിഫ് ആരോപിച്ചു. നെതന്യാഹുവിനെ പിന്തുണക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോള്‍, അവതാരകന്‍ ഹമീദ് മിര്‍ ഇടപെട്ട് പരാമര്‍ശങ്ങള്‍ ചില രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടതായായി വ്യാഖ്യാനിക്കപ്പെടാമെന്ന മുന്നറിയിപ്പ് നല്‍കി ഇടവേള പ്രഖ്യാപിച്ചു. തുടര്‍ന്ന് ആസിഫ് പരിപാടിയില്‍ തുടരില്ലെന്നും അറിയിക്കപ്പെട്ടു.

ഇസ്രയേലിനെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത രാജ്യമാണ് പാകിസ്ഥാന്‍. അതേസമയം, ഗാസയില്‍ രൂപീകരിക്കാന്‍ ആലോചിക്കുന്ന അന്താരാഷ്ട്ര സ്ഥിരതാസേനയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്കാളിത്തത്തെ ഇസ്രയേല്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഹമാസുമായി പാകിസ്ഥാനിലുള്ള ഭീകരസംഘടനകള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് ഗുരുതര ആശങ്കയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസാര്‍ വ്യക്തമാക്കി. ഗാസയിലെ ഏതൊരു സേനയിലും പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്കാളിത്തം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു.