ഇറാനില്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട്; റേസ പഹ്ലവിയുടെ ആഹ്വാനത്തെ തുടര്‍ന്ന് തെരുവിലിറങ്ങി ആയിരങ്ങള്‍

ഇറാനില്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട്; റേസ പഹ്ലവിയുടെ ആഹ്വാനത്തെ തുടര്‍ന്ന് തെരുവിലിറങ്ങി ആയിരങ്ങള്‍


ടെഹ്‌റാന്‍: മുന്‍ ഷാ വംശാവലിയുടെ അവകാശിയായ റേസ പഹ്ലവി ആഹ്വാനം ചെയ്ത ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇറാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി തുടങ്ങിയ സാമൂഹികമാധ്യമ നിരോധനവും ആശയവിനിമയമാര്‍ഗങ്ങളുടെ തടസവും സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണെന്ന് ക്ലൗഡ്ഫ്‌ലെയറും നെറ്റ്‌ബ്ലോക്‌സും വ്യക്തമാക്കി.

മുന്‍ അനുഭവങ്ങളില്‍ ഇത്തരം ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ കടുത്ത സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്‍പുള്ള സൂചനയായിരുന്നുവെന്ന ആശങ്ക ശക്തമാണ്. പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖമേനിക്കും സിവിലിയന്‍ സര്‍ക്കാരിനുമെതിരെ ജനകീയ രോഷം പുകയുന്നത്.

1979ലെ ഇസ്ലാമിക് വിപ്ലവത്തില്‍ രാജ്യം വിട്ട അവസാന ഷാ മുഹമ്മദ് റേസ പഹ്ലവിയുടെ മകനായ റേസ പഹ്ലവി വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8 മണിക്ക് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തിരുന്നു. ആ സമയത്ത് ടെഹ്‌റാനിലെ നിരവധി പ്രദേശങ്ങളില്‍ 'ഏകാധിപത്യത്തിന്റെ മരണം', 'ഇസ്ലാമിക് റിപ്പബ്ലിക്ക് അവസാനിക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ചിലയിടങ്ങളില്‍ ഷായെ അനുകൂലിച്ചുള്ള വിളികളും മുഴങ്ങി.

ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതും, അമേരിക്കന്‍ ഉപരോധങ്ങളും, ഇസ്രായേലുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും ചേര്‍ന്നതാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. സാമ്പത്തിക തകര്‍ച്ചയാണ് ജനകീയ പ്രതിഷേധത്തിന് തീ കൊളുത്തിയതെന്ന് നിരീക്ഷകര്‍ പറയുന്നു.

'ലോകം മുഴുവന്‍ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരുമിച്ച് തെരുവിലിറങ്ങി നിങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുക,' എന്നായിരുന്നു പഹ്ലവിയുടെ ആഹ്വാനം. പ്രതിഷേധങ്ങള്‍ എത്രത്തോളം വ്യാപിക്കുമെന്നതിനെ ആശ്രയിച്ച് തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ അവസാനം തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടതായും 2,260ലധികം പേര്‍ അറസ്റ്റിലായതായും യുഎസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന അറിയിച്ചു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് നിലവില്‍ ഇറാനില്‍ നടക്കുന്നത്.

ഇതിനിടെ, സമാധാനപരമായ പ്രതിഷേധകരെ വധിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതികരണവും രേഖപ്പെടുത്തി.