നൈറോബി: സോമാലിയയുടെ മുന്‍ ഭരണാധികാരി സിയാദ് ബാറെയുടെ മൃതദേഹം രഹസ്യമായി ജന്മനാട്ടിലെത്തിച്ച ദൗത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍, 31 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. ആ ദൗത്യത്തിന് നേതൃത്വം നല്‍കിയ കെനിയന്‍ പൈലറ്റ് ഹുസൈന്‍ മുഹമ്മദ് അന്‍ഷൂര്‍ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
1995 ജനുവരി 10. നൈറോബിയിലെ വില്‍സണ്‍ വിമാനത്താവളത്തിനടുത്തുള്ള ഓഫീസില്‍ അന്‍ഷൂറിനെയും സഹപൈലറ്റ് മുഹമ്മദ് അദാനെയും തേടിയെത്തിയത് ഒരു നൈജീരിയന്‍ നയതന്ത്രപ്രതിനിധിയായിരുന്നു. നേരിട്ട് കാര്യത്തിലേക്കു കടന്ന അദ്ദേഹം, നൈജീരിയയില്‍ പ്രവാസജീവിതത്തിനിടെ മരിച്ച സോമാലിയന്‍ മുന്‍ പ്രസിഡന്റ് സിയാദ് ബാറെയുടെ മൃതദേഹം രഹസ്യമായി സോമാലിയയിലെ ഗര്‍ബഹരെയിലേക്ക് എത്തിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.
'ഇത് ഒരു സാധാരണ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് അല്ലെന്ന് ഞങ്ങള്‍ ഉടന്‍ മനസ്സിലാക്കി,' മുന്‍ കെനിയന്‍ എയര്‍ഫോഴ്‌സ് ക്യാപ്റ്റനായ അന്‍ഷൂര്‍ പറഞ്ഞു. അന്ന് അവര്‍ നടത്തിവന്നിരുന്ന സ്വകാര്യ വിമാന കമ്പനിയാണ് ബ്ലൂബേര്‍ഡ് ഏവിയേഷന്‍.
1991ല്‍ സായുധ കലാപത്തെ തുടര്‍ന്ന് അധികാരഭ്രഷ്ടനായി രാജ്യം വിട്ട ബാറെയുടെ മൃതദേഹം തിരികെ കൊണ്ടുപോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. കെനിയന്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ദൗത്യം നടത്തണമെന്ന നിബന്ധനയും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
ഒരു ദിവസം മുഴുവന്‍ അപകടസാധ്യതകള്‍ വിലയിരുത്തിയ ശേഷമാണ് പൈലറ്റുകള്‍ ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പകരം, എന്തെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ നൈജീരിയ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ വിമാനത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.
1995 ജനുവരി 11ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ B200 വിമാനം വില്‍സണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നു. ഔദ്യോഗിക രേഖകളില്‍ ലക്ഷ്യസ്ഥാനം കെനിയയിലെ കിസുമു. എന്നാല്‍ അത് രേഖകളില്‍ മാത്രമായിരുന്നു. കിസുമുവിന് സമീപമെത്തിയപ്പോള്‍ റഡാര്‍ ഓഫ് ചെയ്ത് വിമാനം ഉഗാണ്ടയിലെ എന്റ്റബ്ബെയിലേക്ക് തിരിച്ചുവിട്ടു.
അവിടെ നിന്ന് ക്യാമറൂണിലെ യൗണ്ടെയിലൂടെയും പിന്നീട് ലാഗോസിലേക്കുമായിരുന്നു യാത്ര. നൈജീരിയന്‍ വ്യോമപരിധിയില്‍ പ്രവേശിക്കുമ്പോള്‍ സംശയം ഒഴിവാക്കാന്‍ 'WT 001' എന്ന നൈജീരിയന്‍ എയര്‍ഫോഴ്‌സ് കോള്‍സൈന്‍ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് അന്‍ഷൂര്‍ വെളിപ്പെടുത്തി.
അടുത്ത ദിവസം ബാറെയുടെ മൃതദേഹം വിമാനത്തില്‍ കയറ്റി. മകന്‍ ആയാന്‍ലെ മുഹമ്മദ് സിയാദ് ബാറെയടക്കം കുടുംബാംഗങ്ങളും രണ്ട് നൈജീരിയന്‍ ഉദ്യോഗസ്ഥരും യാത്രയില്‍ പങ്കെടുത്തു. തിരികെ അതേ രഹസ്യപാത പിന്തുടര്‍ന്ന്, എന്റ്റബ്ബെയിലും യൗണ്ടെയിലും നിര്‍ത്തിയ ശേഷം വിമാനം നേരിട്ട് ഗര്‍ബഹരെയിലേക്ക് തിരിച്ചു.
'ഒരു ഘട്ടത്തിലും ഞങ്ങള്‍ വിമാനത്താവള അധികൃതരോട് മൃതദേഹമാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞില്ല,' അന്‍ഷൂര്‍ പറഞ്ഞു. ഗര്‍ബഹരെയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം, വിമാനം മടങ്ങുമ്പോള്‍ കെനിയന്‍ അധികൃതരെ ഒഴിവാക്കാന്‍ മന്ദേരയില്‍ നിന്ന് വരുന്നതായി അറിയിച്ചായിരുന്നു ലാന്‍ഡിംഗ്.
'അപ്പോള്‍ ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. ദൗത്യം വിജയിച്ചതായി മനസ്സിലായി,' അന്‍ഷൂര്‍ പറഞ്ഞു.
ഇപ്പോള്‍ 65 വയസുള്ള അന്‍ഷൂര്‍, ഇന്നത്തെ കാലത്ത് ഇത്തരമൊരു ദൗത്യം അസാധ്യമാണെന്ന് പറയുന്നു. 'ഇന്ന് ആഫ്രിക്കയാകെ റഡാര്‍ കവറേജുണ്ട്. 1995ല്‍ ഉണ്ടായിരുന്ന ആ വിടവുകള്‍ ഇനി ഇല്ല.'
ഒരു രാഷ്ട്രതലവന്റെ ജീവിതാന്ത്യം പോലും രാഷ്ട്രീയവും രഹസ്യവുമാകുന്നുവെന്നതിന്റെ അപൂര്‍വ സാക്ഷ്യമാണ് ഈ കഥ.
റഡാര്‍ ഓഫ് ചെയ്ത് രാത്രിയാത്ര; സോമാലിയന്‍ പ്രസിഡന്റിന്റെ മൃതദേഹം നാട്ടിലെത്തിച്ച രഹസ്യ ദൗത്യത്തിന്റെ കഥ
