ലെറ്റീഷ്യ ജെയിംസിനെതിരെ വീണ്ടും ഫെഡറല്‍ അന്വേഷണം; സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍

ലെറ്റീഷ്യ ജെയിംസിനെതിരെ വീണ്ടും ഫെഡറല്‍ അന്വേഷണം; സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെതിരെ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പുതിയ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മുന്‍പ് രണ്ട് തവണ ഗ്രാന്‍ഡ് ജൂറി കുറ്റപത്രം നല്‍കാന്‍ വിസമ്മതിച്ച കേസുകളില്‍ നിന്ന് വ്യത്യസ്തമായ സാമ്പത്തിക ഇടപാടുകളാണ് പുതിയ അന്വേഷണത്തിന്റെ കേന്ദ്രീകരണം.

ജെയിംസും ദീര്‍ഘകാലമായി പരിചയമുള്ള ഹെയര്‍ഡ്രസ്സര്‍ ഇയെസാറ്റ മാര്‍ഷുമായുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷകര്‍ പരിശോധിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

ഡോണള്‍ഡ് ട്രംപിനെതിരെ സിവില്‍ തട്ടിപ്പ് കേസ് എടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരോധികളെ ലക്ഷ്യമിട്ട് നീതിവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ജെയിംസിന്റെ നിയമസംഘം ആരോപിച്ചു. മുന്‍പ് വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍ സ്വത്ത് വാങ്ങുന്നതിനിടെ ബാങ്കിനെ വഞ്ചിച്ചുവെന്ന ആരോപണത്തില്‍ ജെയിംസിനെതിരെ കുറ്റപത്രം നല്‍കിയിരുന്നെങ്കിലും, യു.എസ്. അറ്റോര്‍ണി നിയമാനുസൃതമായി നിയമിക്കപ്പെട്ടിട്ടില്ലെന്ന കോടതി കണ്ടെത്തലിനെ തുടര്‍ന്ന് കേസ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ ശ്രമങ്ങളും പരാജയപ്പെട്ടു.

ജെയിംസിന്റെ അഭിഭാഷകന്‍ അബ്ബെ ലോവല്‍, ഇത് 'രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഫലമായ പ്രതികാര നടപടി'യാണെന്ന് വിമര്‍ശിച്ചു. 'ട്രംപിന്റെ രാഷ്ട്രീയ പ്രതികാരം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട നീതിവകുപ്പ്, ജെയിംസുമായി ബന്ധമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ ശ്രമവും പരാജയപ്പെടും,'- ലോവല്‍ പറഞ്ഞു.

അതേസമയം, ഇയെസാറ്റ മാര്‍ഷിനെതിരെ ലൂയിസിയാനയിലെ വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ബാങ്ക് തട്ടിപ്പും തിരിച്ചറിയല്‍ മോഷണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019ലെ ലാന്‍ഡ് റോവര്‍ വാഹനവാങ്ങലുമായി ബന്ധപ്പെട്ടാണ് കേസ്.

പുതിയ അന്വേഷണം ലൂയിസിയാന വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റും ന്യൂയോര്‍ക്ക് നോര്‍തേണ്‍ ഡിസ്ട്രിക്റ്റും സംയുക്തമായാണ് നയിക്കുന്നത്. എന്നാല്‍, ന്യൂയോര്‍ക്ക് നോര്‍തേണ്‍ ഡിസ്ട്രിക്റ്റിലെ ആക്ടിംഗ് യു.എസ്. അറ്റോര്‍ണി ജോണ്‍ സാര്‍ക്കോണെ നിയമപരമായി അധികാരത്തിലുള്ളതല്ലെന്ന് കോടതി കണ്ടെത്തിയതോടെ, ഈ അന്വേഷണങ്ങളിലെ അദ്ദേഹത്തിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുകയാണ്. ഇതോടൊപ്പം ജെയിംസിനും അവരുടെ ഓഫീസിനുമെതിരെ നടന്നിരുന്ന മറ്റ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട സമന്‍സുകളും കോടതി റദ്ദാക്കി.

പുതിയ അന്വേഷണത്തില്‍ ഏത് കുറ്റങ്ങളാണ് പരിശോധിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.