കാരക്കാസ്: മനുഷ്യാവകാശ സംഘടനകള്‍ രാഷ്ട്രീയ തടവുകാരെന്നു വിശേഷിപ്പിക്കുന്ന ചിലരെ വെനിസ്വേല സര്‍ക്കാര്‍ വിട്ടയക്കാന്‍ തുടങ്ങി. 'നല്ല നടപ്പിനുള്ള അവസരം' എന്ന നിലയിലാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
അഞ്ച് സ്പാനിഷ് പൗരന്മാരെ വിട്ടയച്ചതായി സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഇരട്ട പൗരത്വമുള്ളവനാണെന്നും അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകയും സുരക്ഷ-പ്രതിരോധ വിദഗ്ധയുമായ റോസിയോ സാന്‍ മിഗ്വേല്‍ ഇവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന.
അമേരിക്കന്‍ സേന ശനിയാഴ്ച മിന്നല്‍ നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ കാരക്കാസില്‍ നിന്ന് അറസ്റ്റ് ചെയ്ത് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. മയക്കുമരുന്ന് കടത്ത് കേസിലാണ് മദൂറോയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ആവശ്യം അമേരിക്ക ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ്. തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചും പ്രതിഷേധ കാലങ്ങളിലുമാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ശക്തമായിരുന്നത്.
ദേശീയ അസംബ്ലി അധ്യക്ഷനും ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സഹോദരനുമായ ജോര്‍ജ് റോഡ്രിഗസ്, 'ദേശീയ ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും' പേരില്‍ 'വലിയ എണ്ണം' തടവുകാരെ ഉടന്‍ വിട്ടയക്കുമെന്ന് സര്‍ക്കാര്‍ ടെലിവിഷനിലൂടെ അറിയിച്ചു. എന്നാല്‍ മോചിപ്പിക്കുന്നവരുടെ കൃത്യമായ എണ്ണമോ പേരുകളോ വെളിപ്പെടുത്തിയില്ല.
നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും വെനിസ്വേലയിലെ ജയിലുകളിലുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍. ഇതുവരെ വിരലിലെണ്ണാവുന്നവരെയാണ് മോചിപ്പിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു.
ഫെബ്രുവരി 2024ല്‍ കാരക്കാസിന് സമീപത്തെ മൈക്വെതിയ വിമാനത്താവളത്തില്‍ അറസ്റ്റിലായ റോസിയോ സാന്‍ മിഗ്വേലിന്റെ മോചനമാണ് ആദ്യം സ്ഥിരീകരിച്ചത്. മഡൂറോയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹം, ഗൂഢാലോചന, ഭീകരവാദം എന്നീ കുറ്റങ്ങള്‍ അവര്‍ക്കെതിരെ ചുമത്തിയിരുന്നു.
മനുഷ്യാവകാശ സംഘടനകള്‍ വാര്‍ത്തയെ സ്വാഗതം ചെയ്‌തെങ്കിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി. മഡൂറോയുടെ അടുത്ത അനുയായിയായ ഡെല്‍സി റോഡ്രിഗസിന്റെ ഇടക്കാല ഭരണകൂടം, നേതാവിന്റെ അറസ്റ്റിന് ശേഷം അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന സൂചനകളാണ് നല്‍കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധമായ എല്‍ ഹെലിക്കോയ്‌ഡെ ജയിലില്‍ 50 മുതല്‍ 80 വരെ തടവുകാര്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. മഡൂറോയുടെ അറസ്റ്റിന് പിന്നാലെ ജയില്‍ അടച്ചുപൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പീഡനവും ഷോക്കടിപ്പിക്കലും ഉള്‍പ്പെടെയുള്ള ക്രൂര പീഡനങ്ങള്‍ ഇവിടെ നടന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
എല്‍ ഹെലിക്കോയ്‌ഡെയുടെ അടച്ചുപൂട്ടല്‍ മറ്റ് തടങ്കല്‍ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കരുതെന്ന് പ്രൊവേയ അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും പ്രതിപക്ഷ നേതാവുമായ മരിയ കൊറിന മച്ചാഡോ, ജയിലിലായിരിക്കുന്ന സഹപ്രവര്‍ത്തകരുടെ മോചനം തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയാണ്.
2024ലെ വിവാദ തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ വര്‍ധിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ടാരക് സാബ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്ട്രീയ തടവുകാര്‍ ഇല്ലെന്നും എല്ലാവരെയും യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
വെനിസ്വേലയിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങി; നല്ല നടപ്പിനെന്ന് സര്‍ക്കാര്‍
