ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക സൈനിക നീക്കമോ? - ട്രംപിന്റെ നീക്കത്തില്‍ ഡെന്‍മാര്‍ക്കിന്റെ കടുത്ത മുന്നറിയിപ്പ്

ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക സൈനിക നീക്കമോ? - ട്രംപിന്റെ നീക്കത്തില്‍ ഡെന്‍മാര്‍ക്കിന്റെ കടുത്ത മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ആര്‍ക്ക്ടിക് ദ്വീപായ ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ലക്ഷ്യം കൈവരിക്കാന്‍ സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങള്‍ വൈറ്റ് ഹൗസ് പരിഗണിക്കുന്നതായി പ്രസിഡന്റിന്റെ വക്താവ് കരോളിന്‍ ലെവിറ്റ് വ്യക്തമാക്കി.

ഗ്രിന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുന്‍ഗണനയാണെന്ന് ട്രംപ് ഭരണകൂടം തുറന്നടിച്ചു. ആര്‍ക്ക്ടിക് മേഖലയിലെ ചൈനയും റഷ്യയും ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണെന്നും ഇതിന് ഗ്രിന്‍ലാന്‍ഡിന്റെ നിയന്ത്രണം നിര്‍ണായകമാകുമെന്നും ലെവിറ്റ് വ്യക്തമാക്കി.
'പ്രസിഡന്റിനും അദ്ദേഹത്തിന്റെ സംഘത്തിനും മുന്നിലുള്ള വിവിധ ഓപ്ഷനുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതും കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ അധികാരപരിധിയില്‍ വരുന്ന ഒരു വഴിയാണെന്ന്' അവര്‍ പറഞ്ഞു.

അതേസമയം, ഗ്രിന്‍ലാന്‍ഡിനെ കുറിച്ചുള്ള ഏതൊരു സൈനിക ഇടപെടലും നാറ്റോ സഖ്യത്തെ തന്നെ തകര്‍ക്കാന്‍ ഇടയാക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലും കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

വെനിസ്വേലയിലെ സൈനിക നടപടികള്‍ക്ക് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രിന്‍ലാന്‍ഡ് വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചതോടെ, ദ്വീപിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ശക്തമാകുകയാണ്.