മിനിയാപ്പോളിസ്: അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്ത് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഏജന്റിന്റെ വെടിയേറ്റ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 37 വയസ്സുകാരിയായ റീനീ നിക്കോള്‍ ഗുഡ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഈസ്റ്റ് 34ാം സ്ട്രീറ്റിനും പോര്‍ട്ട്‌ലന്‍ഡ് അവന്യുവിനും സമീപം നടന്ന സംഭവമാണ് പ്രദേശത്ത് വന്‍ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചത്.
ജീവന് ഭീഷണിയായ സാഹചര്യത്തില്‍ ഐസ് ഏജന്റ് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും ഫെഡറല്‍ അധികാരികളുടെ വാദത്തെ ചോദ്യം ചെയ്യുകയാണ്.
പ്രാദേശിക ചാനല്‍ WCCOയോട് സംസാരിച്ച സാക്ഷികള്‍ പറയുന്നതനുസരിച്ച്, രാവിലെ 9.30ഓടെ ഐസ് ഏജന്റുമാര്‍ എത്തിയെന്ന മുന്നറിയിപ്പായി വിസില്‍ ശബ്ദങ്ങള്‍ മുഴങ്ങി. തുടര്‍ന്ന് ഒരു ഹോണ്ട പൈലറ്റ് വാഹനം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വളഞ്ഞു. ഡ്രൈവര്‍ സൈഡ് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം പിന്നോട്ടും മുന്‍പോട്ടും നീങ്ങിയതായി സാക്ഷികള്‍ പറഞ്ഞു. പിന്നാലെ മൂന്ന് വെടിയുണ്ടകള്‍ പായുകയും, അവ റീനീയുടെ മുഖത്തേക്ക് നേരിട്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. വാഹനം കുറച്ച് ദൂരം നീങ്ങി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചുനിന്നു.
സംഭവത്തെ ആഭ്യന്തര ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, റീനീ ഗുഡ് വാഹനം ആയുധമാക്കി ഐസ് ഉദ്യോഗസ്ഥരെ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു. DHS വക്താവ് ട്രിഷിയ മക്ലാഫ്‌ലിനും റീനിയെ 'ഹിംസാപരമായ കലാപകാരി' എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, മിനിയാപ്പോളിസ് മേയര്‍ ജേക്കബ് ഫ്രേ ഈ വിശദീകരണം ശക്തമായി തള്ളി. ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ഫെഡറല്‍ ഏജന്‍സികള്‍ വലിയ പിഴവിനെ സ്വയംരക്ഷയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫ്രേ പറഞ്ഞു. ഇത് പച്ചക്കള്ളമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സും പ്രചാരണയന്ത്രത്തെ വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി രംഗത്തെത്തി.
ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതനുസരിച്ച്, റീനീ ഗുഡ് ഒരു യുഎസ് പൗരയായിരുന്നു; അവരെ ലക്ഷ്യമാക്കി യാതൊരു ഇമിഗ്രേഷന്‍ നടപടിയും ഉണ്ടായിരുന്നില്ല. ഫെഡറല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ലീഗല്‍ ഒബ്‌സര്‍വറായി റീനീ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് നഗര ഭരണകൂടം പറയുന്നത്.
മകള്‍ ഐസ് വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമല്ലായിരുന്നുവെന്നും, സംഭവസമയത്ത് അവള്‍ അതീവ ഭീതിയിലായിരുന്നിരിക്കാമെന്നും ആണ് റീനിയുടെ അമ്മ ഡോണ ഗാംഗര്‍ മിനിയാപ്പോളിസ് സ്റ്റാര്‍ ട്രിബ്യൂണിനോട് പറഞ്ഞത്. റീനീ അത്യന്തം കരുണയുള്ളയാളായിരുന്നു. ജീവിതം മുഴുവന്‍ മറ്റുള്ളവരെ പരിചരിച്ചവള്‍. സ്‌നേഹവും ക്ഷമയും നിറഞ്ഞ മനുഷ്യയായിരുന്നു അവള്‍,- അമ്മ പറഞ്ഞു.
റീനിക്ക് ആറുവയസ്സുള്ള ഒരു മകനുണ്ട്. ഭര്‍ത്താവ് ടിമ്മി റേ മാക്ലിന്‍ ജൂനിയര്‍ 2023ല്‍ 36ാം വയസ്സില്‍ മരണപ്പെട്ടിരുന്നു. മകന്റെ മുത്തച്ഛന്‍ ടിമ്മി റേ മാക്ലിന്‍ സീനിയര്‍, 'ഐസ് ഏജന്റിന്റെ നടപടി എന്റെ കൊച്ചുമകനെ വീണ്ടും അനാഥനാക്കി' എന്ന് അവര്‍ ആരോപിച്ചു.
സംഭവത്തില്‍ വെടിയുതിര്‍ത്ത ഐസ് ഉദ്യോഗസ്ഥനെ ഇതുവരെ പൊതുവില്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചതായും, മുമ്പ് ഐസ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ക്രിസ്റ്റി നോം അറിയിച്ചു.
മിനിയാപ്പോളിസില്‍ ഐസ് ഏജന്റിന്റെ വെടിയേറ്റ് മരിച്ച യുവതി റീനീ നിക്കോള്‍ ഗുഡ് എന്ന് തിരിച്ചറിഞ്ഞു
