ഇന്ത്യയ്ക്ക് കനത്ത ഭീഷണി: റഷ്യന്‍ എണ്ണ വാങ്ങലിന് കടുത്ത ശിക്ഷ; ഇന്ത്യയ്‌ക്കെതിരെ 500% നികുതി ബില്ലിന് ട്രംപിന്റെ പിന്തുണ

ഇന്ത്യയ്ക്ക് കനത്ത ഭീഷണി: റഷ്യന്‍ എണ്ണ വാങ്ങലിന് കടുത്ത ശിക്ഷ; ഇന്ത്യയ്‌ക്കെതിരെ 500% നികുതി ബില്ലിന് ട്രംപിന്റെ പിന്തുണ


വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ. സാങ്ക്ഷനിംഗ് റഷ്യ ആക്ട് ഓഫ് 2025 എന്ന പേരിലുള്ള ബില്ലിനാണ് ട്രംപ് അനുമതി നല്‍കിയതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം വ്യക്തമാക്കി.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ നടപടികളിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുന്നത്. റഷ്യന്‍ എണ്ണ, ഗ്യാസ്, യൂറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ചുമത്താന്‍ ബില്‍ വഴി യുഎസ് ഭരണകൂടത്തിന് അധികാരം ലഭിക്കും.

ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സില്‍ പ്രതികരിച്ച ലിന്‍ഡ്‌സി ഗ്രഹാം, ബില്ലിന് ശക്തമായ ഇരുകക്ഷി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. അടുത്ത ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ബില്ലിന് വോട്ടെടുപ്പ് നടക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ പുട്ടിന്റെ 'യുദ്ധ യന്ത്രത്തെ' സഹായിക്കുകയാണെന്ന് ഗ്രഹാം ആരോപിച്ചു. ഈ ഇടപാടുകള്‍ തടയാന്‍ ബില്‍ വഴി യുഎസിന് ശക്തമായ സമ്മര്‍ദ്ദ ആയുധം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലും ചേര്‍ന്നാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യയുടെ സൈനിക നടപടികള്‍ക്ക് ധനസഹായം ലഭിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം.

യുെ്രെകന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറും നേതൃത്വം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തന്നെ കടുത്ത ഉപരോധ ബില്ലിലേക്ക് നീങ്ങുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുണ്ട്.