മനുഷ്യന്റെ ആവാസ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന് ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട വിദഗ്ധ സമിതി അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗില്‍ മുമ്പ് സ്വീകരിച്ചിരുന്നതെന്ന് ഓര്‍മിപ്പിക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മനുഷ്യജീവന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി മനുഷ്യരെ കൊല്ലുന്ന സാഹചര്യം രൂപപ്പെടുമ്പോള്‍ അതിനെ അവഗണിക്കാന്‍ കഴിയില്ലെന്നും വന്യജീവികളെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടുന്നത് അവയുടെ എണ്ണം നിയന്ത്രിക്കാനും വനത്തിനടുത്ത് ജീവിക്കുന്നവരെ സംരക്ഷിക്കാനും സഹായകരമാകുമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടിരുന്നു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യര്‍ക്ക് വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നുവെന്ന വിമര്‍ശനവും ഗാഡ്ഗില്‍ ഉന്നയിച്ചിരുന്നു. സംരക്ഷിത വനമേഖലയ്ക്ക് പുറത്തേക്ക് മനുഷ്യന്റെ ആവാസ മേഖലയിലേക്ക് കടക്കുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്നും ഇന്ത്യയില്‍ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് സമ്പൂര്‍ണ നിരോധനം നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വന്യജീവി സംരക്ഷണമാണ് ആവശ്യമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കിയിരുന്നു.
വന്യജീവികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണെന്ന വാദം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലല്ലെന്ന നിലപാടും അദ്ദേഹം പങ്കുവച്ചിരുന്നു. കാട്ടുപന്നികളുടെയും കടുവകളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും വന്യജീവികള്‍ക്ക് മനുഷ്യനെ കൊല്ലാന്‍ കഴിയുമ്പോള്‍ സ്വയംരക്ഷയ്ക്കുപോലും അവയെ കൊല്ലാന്‍ പാടില്ലെന്ന നിലപാട് യുക്തിരഹിതമാണെന്നുമായിരുന്നു ഗാഡ്ഗിലിന്റെ അഭിപ്രായം. വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള പല കണക്കുകളും യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
മനുഷ്യജീവന്‍ ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ അനുമതി നല്‍കണമെന്നും അതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും ഗാഡ്ഗില്‍ ആവശ്യപ്പെട്ടിരുന്നു. വേട്ടയ്ക്ക് ലൈസന്‍സ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കണം. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ആശയവിനിമയം നടത്തി നിയന്ത്രണം ആവശ്യമായ വന്യജീവികളുടെ പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
നിയന്ത്രണങ്ങളോടു കൂടിയ വേട്ട വന്യജീവികളുടെ വംശനാശത്തിന് കാരണമാകില്ലെന്നും വനത്തില്‍ ജീവിക്കുന്ന മനുഷ്യരെ മൃഗങ്ങളില്‍നിന്ന് സംരക്ഷിക്കാനും അത് സഹായകരമാകുമെന്നും ഗാഡ്ഗില്‍ പറഞ്ഞിരുന്നു. നഗരങ്ങളില്‍ താമസിക്കുന്ന തീവ്ര പ്രകൃതി സംരക്ഷണവാദികള്‍ വനത്തിനടുത്ത് ജീവിക്കുന്ന മനുഷ്യരുടെ യാഥാര്‍ഥ്യാവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അമേരിക്ക, ഇംഗ്ലണ്ട്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിയന്ത്രിത വേട്ട അനുവദിക്കുന്നുണ്ടെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുവവേട്ട പൂര്‍ണമായി നിരോധിക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടും അദ്ദേഹം പങ്കുവച്ചിരുന്നു.
ഗാഡ്ഗിലിന്റെ അഭിപ്രായങ്ങള്‍ മലയോര കര്‍ഷകരുടെ മനസ്സില്‍ തീ കോരിയിട്ടതാണെന്ന കേരള വനംവകുപ്പ് മന്ത്രിയുടെ പരാമര്‍ശത്തോടും അദ്ദേഹം മുമ്പ് പ്രതികരിച്ചിരുന്നു. താന്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണെന്നും ജനാധിപത്യത്തെ ആഴത്തില്‍ സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും ഗാഡ്ഗില്‍ വ്യക്തമാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഭാവിയെ മുന്‍നിര്‍ത്തിയാണ് അഭിപ്രായങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തനിക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ഗാഡ്ഗില്‍ വ്യക്തമാക്കിയിരുന്നു.
മനുഷ്യജീവിതത്തിന് ഹാനികരമായ വന്യജീവികളെ കൊല്ലുന്നതിനെ ഗാഡ്ഗില്‍ അനുകൂലിച്ചിരുന്നു
