വാഷിങ്ടണ്‍: ചൈന, റഷ്യ, ക്യൂബ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക ഉപദേഷ്ടാക്കളെ വെനിസ്വേലയില്‍ നിന്ന് പുറത്താക്കാന്‍ ഇടക്കാല സര്‍ക്കാരിന്മേല്‍ അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായി യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ രഹസ്യ യോഗത്തില്‍ വെനിസ്വേലയിലെ പുതിയ ഇടക്കാല നേതാവ് ഡെല്‍സി റോഡ്രിഗസിന് മുന്നില്‍ വെച്ചതായി യു എസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ പരസ്യമായി സംസാരിക്കാന്‍ അനുമതിയില്ലെ്‌ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്യൂബ, റഷ്യ, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചാരപ്രവര്‍ത്തകരും സൈനിക ഉദ്യോഗസ്ഥരുമായ വ്യക്തികളെ പുറത്താക്കുമെങ്കിലും ചില നയതന്ത്രജ്ഞര്‍ക്ക് വെനിസ്വേലയില്‍ തുടരാന്‍ അനുമതി നല്‍കും.
സാധാരണ നയതന്ത്ര ജീവനക്കാരെ ഈ നടപടി ബാധിക്കില്ല. കഴിഞ്ഞ ആഴ്ച നടന്ന സൈനിക റെയ്ഡില്‍ വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡൂറോ പിടിയിലായതിന് പിന്നാലെ എണ്ണ സമ്പന്നമായ രാജ്യത്തെ യു എസ് ആവശ്യങ്ങള്‍ പാലിപ്പിക്കാന്‍ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണ് ഇത്.
ഇടക്കാല നേതാവ് ഡെല്‍സി റോഡ്രിഗസ് അനുസരിക്കാത്ത പക്ഷം രാജ്യത്ത് രണ്ടാമത്തെ സൈനിക നടപടിക്ക് വഴിയൊരുങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെനിസ്വേലയിലെ ഇടക്കാല ഭരണകൂടം യു എസിന് 30 മുതല്‍ 50 മില്യണ്‍ ബാരല്‍ വരെ എണ്ണ കൈമാറുമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച എണ്ണക്കമ്പനികളുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന പ്രസിഡന്റ്, ഉപരോധ വിധേയമായ ഈ എണ്ണ വിപണി വിലയ്ക്ക് വിറ്റഴിക്കുമെന്നും അതില്‍ നിന്നുള്ള വരുമാനം വെനിസ്വേലയുടെയും യു എസിന്റേയും 'ലാഭത്തിനായി' ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
വെനിസ്വേലയിലെ പുതിയ നേതാക്കളെ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ പാലിപ്പിക്കാന്‍ യു എസ് 'ഓയില്‍ ക്വാറന്റീന്‍' നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് ഞായറാഴ്ച സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചിപ്പിച്ചു. ഇതിലൂടെ വെനിസ്വേലയിലെ സമൃദ്ധമായ ക്രൂഡ് ഓയില്‍ ശുദ്ധീകരണത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ നിയന്ത്രണശേഷി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
