വാഷിംഗ്ടണ്‍ : യുഎസിലെ കുടിയേറ്റ കുടുംബങ്ങള്‍ സര്‍ക്കാര്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടപ്പോള്‍, അതിലെ ഒരു മൗനം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു -ഇന്ത്യയുടെ അഭാവം. ഏകദേശം 120 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയ പട്ടികയില്‍ ഇന്ത്യക്ക് ഇടമില്ലാത്തതാണ് ചര്‍ച്ചയാകുന്നത്.
' Immigrant Welfare Recipient Rates by Coutnry of Origin' എന്ന തലക്കെട്ടില്‍ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് കണക്കുകള്‍ പങ്കുവച്ചത്. വെനിസ്വേലയിലുണ്ടായ യുഎസ് സൈനിക ഇടപെടലിനും മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിനും പിന്നാലെയായിരുന്നു ഈ പോസ്റ്റ്. എന്നാല്‍, ഏതൊക്കെ വെല്‍ഫെയര്‍ പദ്ധതികളാണ് കണക്കിലെടുത്തതെന്നോ, എത്രകാലത്തെ ഡേറ്റയാണ് ഉപയോഗിച്ചതെന്നോ ട്രംപ് വിശദീകരിച്ചിട്ടില്ല.
പട്ടികയില്‍ ഭൂട്ടാനാണ് ഒന്നാമത് - 81.4 ശതമാനം കുടിയേറ്റ കുടുംബങ്ങള്‍ വെല്‍ഫെയര്‍ സഹായം സ്വീകരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. യെമന്‍ (75.2%), സോമാലിയ (71.9%), മാര്‍ഷല്‍ ദ്വീപുകള്‍ (71.4%), ഡൊമിനിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍ (68.1%) എന്നിവയും മുന്‍നിരയിലുണ്ട്.
അതേസമയം, ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളില്‍ ബര്‍മുഡ (25.5%), സൗദി അറേബ്യ, ഇസ്രായേല്‍/പാലസ്തീന്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പട്ടികയില്‍ 25 ശതമാനത്തില്‍ താഴെയുള്ള രാജ്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് (54.8%), പാക്കിസ്ഥാന്‍ (40.2%), നേപ്പാള്‍ (34.8%), ചൈന (32.9%) എന്നിവയ്ക്ക് പട്ടികയില്‍ വ്യക്തമായ സ്ഥാനമുണ്ട്. എന്നാല്‍, ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കിയതിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, യുഎസിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് വെല്‍ഫെയര്‍ ആശ്രിതത്വം വളരെ കുറവായിരിക്കാമെന്നതാണ് ഇതിന് പിന്നിലെ കാരണം. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ 2021-23 കാലയളവിലെ യുഎസ് സെന്‍സസ് ബ്യൂറോയും അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേയുമടിസ്ഥാനമാക്കിയുള്ള പഠനം അനുസരിച്ച്, ഇന്ത്യന്‍-അമേരിക്കന്‍ കുടുംബങ്ങള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള കുടിയേറ്റ വിഭാഗങ്ങളിലൊന്നാണ്.
2023ല്‍ ഇന്ത്യന്‍ വംശജര്‍ നയിക്കുന്ന കുടുംബങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം 1.51 ലക്ഷം ഡോളറിലധികമാണ്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നേതൃത്വം നല്‍കുന്ന കുടുംബങ്ങളില്‍ ഇത് ഏകദേശം 1.56 ലക്ഷം ഡോളറിലെത്തുന്നു. സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ധനകാര്യ മേഖലകളിലേക്കുള്ള എച്ച്1ബി പോലുള്ള നൈപുണ്യ വിസകളിലൂടെയാണ് ഭൂരിഭാഗം ഇന്ത്യക്കാരും യുഎസിലെത്തുന്നത്.
പ്യൂവിന്റെ കണക്കുകള്‍ പ്രകാരം, 16 വയസ്സിന് മുകളിലുള്ള ഇന്ത്യന്‍ അമേരിക്കക്കാരുടെ മധ്യവരുമാനം 85,300 ഡോളറാണ് - ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ മൊത്തം ശരാശരിയായ 52,400 ഡോളറിനെക്കാള്‍ വളരെ ഉയര്‍ന്നത്.
അതുകൊണ്ടുതന്നെ, ട്രംപിന്റെ പട്ടികയില്‍ ഇന്ത്യയുടെ അഭാവം ഒരു അപാകതയല്ല, മറിച്ച് ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തിന്റെ സാമ്പത്തിക ശക്തിയും സ്വയംപര്യാപ്തതയും സൂചിപ്പിക്കുന്ന മൗനസന്ദേശമാണെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.
യുഎസിന്റെ ക്ഷേമാനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന 120 രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പട്ടികയില്‍, ഇന്ത്യക്കാര്‍ ഇല്ല
