വാഷിംഗ്ടണ്‍: നിയമവിരുദ്ധമായ ഉത്തരവുകള്‍ പാലിക്കരുതെന്ന സന്ദേശം സൈനികര്‍ക്കായി പങ്കുവച്ച വീഡിയോയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് കെല്ലിക്കെതിരെ പെന്റഗണ്‍ ഭരണനടപടികള്‍ ആരംഭിച്ചു. വിരമിച്ച യുഎസ് നാവികസേന ക്യാപ്റ്റനായ കെല്ലിയുടെ സൈനിക വിരമിക്കല്‍ പെന്‍ഷന്‍ കുറയ്ക്കാനുള്ള നടപടികളിലേക്ക് പ്രതിരോധവകുപ്പ് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് വ്യക്തമാക്കി.
'സൈനിക ശാസനയ്ക്കും ക്രമത്തിനും ഹാനികരമായ പ്രവര്‍ത്തനം' നടത്തിയെന്നാരോപിച്ചാണ് കെല്ലിക്കെതിരെ നടപടികള്‍ സ്വീകരിച്ചതെന്ന് ഹെഗ്‌സത്ത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. യുഎസ് നിയമത്തിലെ 10 U.S.C §1370(f) പ്രകാരം കെല്ലിയുടെ വിരമിച്ച റാങ്ക് പുനര്‍നിര്‍ണയം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് ലഭിക്കുന്ന വിരമിക്കല്‍ വേതനം കുറയാനിടയുണ്ടെന്നും ഹെഗ്‌സത്ത് വ്യക്തമാക്കി.
ഇതോടൊപ്പം കെല്ലിക്കെതിരെ ഔദ്യോഗികമായ 'ലെറ്റര്‍ ഓഫ് സെന്‍ഷര്‍' (Censure) നല്‍കുകയും ചെയ്തു. ഇത് ഔപചാരിക ശാസന മാത്രമാണെങ്കിലും ഭാവിയില്‍ നിയമനടപടികള്‍ക്ക് വഴിയൊരുക്കുന്ന മുന്നറിയിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. സമാന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ക്രിമിനല്‍ കേസുകള്‍ വരെ നേരിടേണ്ടി വരുമെന്ന് ഹെഗ്‌സത്തിന്റെ കത്തില്‍ സൂചനയുണ്ട്.
കെല്ലി പ്രതികരിച്ചത് കടുത്ത ഭാഷയില്‍
'ഭീഷണികളാലോ ശാസനകളാലോ എന്നെ നിശബ്ദനാക്കാമെന്ന് പീറ്റ് ഹെഗ്‌സത്ത് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഇത് എനിക്ക് വേണ്ടി മാത്രമല്ല, ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള അമേരിക്കക്കാരുടെ അവകാശത്തിനുവേണ്ടിയാണ് ഞാന്‍ പോരാടുക,' കെല്ലി എക്‌സില്‍ കുറിച്ചു.
വിവാദത്തിന് കാരണമായ വീഡിയോയില്‍ ആറു ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ ചേര്‍ന്ന്, ഭരണഘടനയ്ക്ക് ആഭ്യന്തര ഭീഷണിയുണ്ടെന്നും സൈനികരും ഇന്റലിജന്‍സ് വിഭാഗവും നിയമവിരുദ്ധ ഉത്തരവുകള്‍ തള്ളിക്കളയേണ്ട ബാധ്യതയുണ്ടെന്നും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഏതൊക്കെ ഉത്തരവുകളാണ് നിയമവിരുദ്ധമെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല.
ഇതിനിടെ, കെല്ലിക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാക്കളും പ്രതികരിച്ചു. കെല്ലിക്കെതിരെ പെന്റഗണ്‍ നടപടികള്‍ സ്വീകരിക്കുന്നത് അനുചിതമാണെന്ന് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ റോജര്‍ വികര്‍ സി.എന്‍.എന്നിനോട് പ്രതികരിച്ചു.
കെല്ലിക്കെതിരെ റാങ്ക് കുറയ്ക്കല്‍ മുതല്‍ സൈനിക നിയമപ്രകാരം കേസെടുക്കല്‍ വരെ വിവിധ മാര്‍ഗങ്ങള്‍ ഭരണകൂടം പരിഗണിച്ചിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ രാഷ്ട്രീയസൈനിക അതിര്‍ത്തികള്‍ ലംഘിച്ചുവെന്ന വിമര്‍ശനവും ശക്തമാകുകയാണ്.
'നിയമവിരുദ്ധ ഉത്തരവുകള്‍ നിരസിക്കണം' വീഡിയോ പങ്കുവെച്ച സെനറ്റര്‍ മാര്‍ക്ക് കെല്ലിക്കെതിരെ പെന്റഗണ്‍ നടപടികള്‍
