'ജോലി റെഡി, പോകാന്‍ തയ്യാറാകൂ'; തമിഴ്‌നാട്ടില്‍ ജോലി വാഗ്ദാനവുമായി തോമസ് ഐസക്ക് - സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

'ജോലി റെഡി, പോകാന്‍ തയ്യാറാകൂ'; തമിഴ്‌നാട്ടില്‍ ജോലി വാഗ്ദാനവുമായി തോമസ് ഐസക്ക് - സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ആരംഭിക്കുന്ന ആപ്പിള്‍ അസംബ്ലി യൂണിറ്റില്‍ യുവ മലയാളികള്‍ക്ക് തൊഴില്‍ അവസരം ഉണ്ടെന്ന മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഐടിഐ യോഗ്യതയുള്ളവര്‍ക്കും കെജിടിഇ കൂടാതെ പ്ലസ് ടു പാസായവര്‍ക്കും ഹൊസൂരിലേക്ക് പോകാന്‍ തയ്യാറാണെങ്കില്‍ ജോലി 'റെഡി'യാണെന്നാണ് ഐസക്കിന്റെ വിശദീകരണം.

ജനുവരി 11ന് ആദ്യഘട്ടമായി 300 ഉദ്യോഗാര്‍ഥികളെ കേരള മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ആറു ബസുകളിലായി ഇവരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 'വിജ്ഞാന കേരളം: ഒരു ജനകീയ പ്രചരണം' എന്ന പദ്ധതിയുടെ ഭാഗമായി സംഘാംഗങ്ങള്‍ ഫാക്ടറി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയതായും ഐസക്ക് അറിയിച്ചു.

ആദ്യ വര്‍ഷം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പിന്നീട് 70-80 ശതമാനം പേരെ അഞ്ചുവര്‍ഷത്തെ ഫിക്‌സ്ഡ് ടേം നിയമനത്തിലേക്ക് മാറ്റുമെന്നും ബാക്കിയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ തുടരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സമീപത്തെ ജോബ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം.

അതേസമയം, ഈ കുറിപ്പ് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കേരളത്തിലെ വ്യവസായവല്‍ക്കരണത്തിന്റെ കുറവാണ് യുവാക്കളെ പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. കുറഞ്ഞ വേതനത്തിന് സംസ്ഥാനത്തിന് പുറത്തേക്ക് തൊഴില്‍ തേടേണ്ട അവസ്ഥ 'ലജ്ജാകരമാണെന്ന്' ചിലര്‍ അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ ദിവസക്കൂലിക്ക് പോലും കൂടുതല്‍ വേതനം ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയും വിമര്‍ശനമുണ്ട്.

അതേസമയം, സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും തൊഴില്‍ തേടാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നത് അപൂര്‍വമല്ലെന്ന വാദവും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രാജ്യത്തിനകത്തും പുറത്തും തൊഴില്‍ അവസരങ്ങള്‍ തേടണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും അനുകൂല പക്ഷം ഓര്‍മിപ്പിക്കുന്നു.

കേരളത്തിലെ തൊഴില്‍ സാധ്യതകളും വ്യവസായ നയങ്ങളും വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ്, ഒരു ഫേസ്ബുക്ക് കുറിപ്പ് തന്നെ രാഷ്ട്രീയസാമൂഹിക സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.