മഡൂറോ-സായിബാബ ബന്ധം വീണ്ടും ചര്‍ച്ചയില്‍

മഡൂറോ-സായിബാബ ബന്ധം വീണ്ടും ചര്‍ച്ചയില്‍


പുട്ടപാര്‍ത്ഥി / കാരക്കാസ് : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റ്, അമേരിക്കയില്‍ നടക്കുന്ന നിയമനടപടികള്‍ എന്നിവ ആഗോള ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികം അറിയപ്പെടാത്തൊരു അധ്യായം വീണ്ടും ചര്‍ച്ചയാകുകയാണ്-പുട്ടപാര്‍ത്ഥിയിലെ സത്യസായി ബാബയുമായുള്ള ആത്മീയബന്ധം.

രാഷ്ട്രീയത്തിലേക്ക് ഉയരുന്നതിനുമുമ്പ് തന്നെ മഡൂറോയ്ക്ക് ഇന്ത്യയുമായും സത്യസായി ബാബയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2005ല്‍ വെനിസ്വേലയിലെ വിദേശകാര്യ മന്ത്രിയായിരിക്കെ ഭാര്യ സിലിയ ഫ്‌ളോറസിനൊപ്പം അദ്ദേഹം ആന്ധ്രപ്രദേശിലെ പുട്ടപാര്‍ത്ഥിയിലെ പ്രശാന്തി നിലയം ആശ്രമം സന്ദര്‍ശിച്ചിരുന്നു. നയതന്ത്രപരമായ സന്ദര്‍ശനം അല്ലാതെ ആത്മീയ ലക്ഷ്യത്തോടെയായിരുന്നു ഈ യാത്രയെന്നും ഇരുവര്‍ക്കും സായിബാബയുമായി സ്വകാര്യ ദര്‍ശനം ലഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സത്യസായി ബാബയുമായി ഒരേ ജന്മദിനം (നവംബര്‍ 23) പങ്കിടുന്ന മഡൂറോ, ആശ്രമത്തില്‍ നിലത്ത് ഇരുന്ന് സായിബാബയെ ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നത് ഈ ബന്ധത്തിന്റെ വ്യക്തിപരമായ സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു.

പ്രസിഡന്റായ ശേഷവും ഈ ആത്മീയ ബന്ധം മഡൂറോ നിലനിര്‍ത്തിയിരുന്നു. കാരക്കാസിലെ മിറാഫ്‌ളോറസ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ സ്വകാര്യ ഓഫീസില്‍ സിമോണ്‍ ബൊളിവറും ഹ്യൂഗോ ഷാവസുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം സത്യസായി ബാബയുടെ വലിയ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നതായി സന്ദര്‍ശകരും മാധ്യമപ്രവര്‍ത്തകരും രേഖപ്പെടുത്തിയിട്ടുണ്ട്.

മഡൂറോയുടെ ആത്മീയ വഴിത്തിരിവിന് പിന്നില്‍ ഭാര്യ സിലിയ ഫ്‌ളോറസിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍. മഡൂറോയെ പരിചയപ്പെടുന്നതിന് മുന്‍പേ സായിബാബയുടെ അനുയായിയായിരുന്ന ഫ്‌ളോറസ്, അദ്ദേഹത്തിന്റെ ഉപദേശങ്ങളായ സഹനം, കരുണ, വിധിയിലേക്കുള്ള വിശ്വാസം തുടങ്ങിയവ രാഷ്ട്രീയ പ്രതിസന്ധികളില്‍ മാര്‍ഗദര്‍ശനമായി സ്വീകരിച്ചിരുന്നുവെന്നാണ് സൂചന.

2011ല്‍ സത്യസായി ബാബ അന്തരിച്ചപ്പോള്‍, വെനിസ്വേല ദേശീയ സഭ അനുശോചന പ്രമേയം പാസാക്കുകയും ഔദ്യോഗികമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലാറ്റിന്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഒരു ആത്മീയ നേതാവിന് ലഭിച്ച അപൂര്‍വമായ ഈ ആദരവ് മഡൂറോയുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെട്ടത്.

അടുത്ത കാലത്തും സായിബാബയോടുള്ള ആദരം മഡൂറോ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സായിബാബയുടെ ജന്മശതാബ്ദി ആഘോഷവേളയില്‍ 'പ്രകാശത്തിന്റെ ദിവ്യരൂപം' എന്നാണ് അദ്ദേഹം സായിബാബയെ വിശേഷിപ്പിച്ചത്. മഡൂറോയുടെ ഭരണകാലത്ത് മറ്റ് വിദേശ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കെ, വെനിസ്വേലയിലെ സായി സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സത്യം, സേവനം, അഹിംസ എന്നിവ പ്രമേയമാക്കിയ സായിബാബയുടെ ഉപദേശങ്ങളുമായി, മഡൂറോയുടെ ഭരണകാലത്തെ വിവാദങ്ങളും ആരോപണങ്ങളും തമ്മിലുള്ള വൈരുധ്യം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്. രാഷ്ട്രീയ അധികാരവും വ്യക്തിഗത ആത്മീയ വിശ്വാസവും തമ്മിലുള്ള ഈ അസാധാരണ കൂട്ടിച്ചേര്‍ക്കല്‍, മഡൂറോയുടെ ജീവിതകഥയിലെ ശ്രദ്ധേയമായ അധ്യായമായി തുടരുന്നു.