'നിയമവിരുദ്ധ നടപടി': മഡൂറോയുടെ അറസ്റ്റിനെതിരെ ഇറാന്‍; വെനിസ്വേലയുമായുള്ള ബന്ധത്തില്‍ മാറ്റമില്ല

'നിയമവിരുദ്ധ നടപടി': മഡൂറോയുടെ അറസ്റ്റിനെതിരെ ഇറാന്‍; വെനിസ്വേലയുമായുള്ള ബന്ധത്തില്‍ മാറ്റമില്ല


വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക നടപടിയില്‍ വെനിസ്വേല മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അറസ്റ്റിലായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇറാന്‍. രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയത് 'നിയമവിരുദ്ധവും അപലപനീയവുമായ നടപടിയാണെന്ന്' ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഖായി പറഞ്ഞു.

തിങ്കളാഴ്ച (ജനുവരി 5) നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇറാന്റെ പ്രതികരണം. 'ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയെയും അപഹരിച്ചതില്‍ അഭിമാനിക്കാനൊന്നുമില്ല. ഇത് വ്യക്തമായ നിയമവിരുദ്ധ പ്രവര്‍ത്തനമാണ്,' ബാഖായി പറഞ്ഞു. വെനിസ്വേല ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് മഡൂറോയെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഡൂറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയി വിചാരണ ചെയ്യാനുള്ള അമേരിക്കന്‍ നീക്കത്തെയും ഇറാന്‍ വിമര്‍ശിച്ചു. അതേസമയം, മഡൂറോയെ പുറത്താക്കിയ സാഹചര്യത്തിലും വെനിസ്വേലയുമായുള്ള ഇറാന്റെ ബന്ധത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് ബാഖായി വ്യക്തമാക്കി.

'വെനിസ്വേല ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും ഇറാന്റെ ബന്ധം പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അത് തുടരും,' അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വെനിസ്വേലന്‍ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇറാന്‍ അറിയിച്ചു.