വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡോ? ട്രംപിന്റെ സൂചനയില്‍ ആശങ്കയും എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡോ? ട്രംപിന്റെ സൂചനയില്‍ ആശങ്കയും എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍


വാഷിംഗ്ടണ്‍/കോപന്‍ഹേഗന്‍ : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ യുഎസ് സൈനിക ഇടപെടലിന് പിന്നാലെ, അമേരിക്കയുടെ അടുത്ത നീക്കം എന്താകുമെന്ന ആശങ്ക ക്യൂബ, കൊളംബിയ, ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ശക്തമാകുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീന്‍ലാന്‍ഡിനെ യുഎസിന്റെ ഭാഗമാക്കണമെന്ന ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ച പ്രസ്താവന ഡെന്‍മാര്‍ക്കിനെ കടുത്ത നിലപാടിലേക്ക് നയിച്ചത്.

ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കാന്‍ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ തുറന്നടിച്ചു. 'അമേരിക്ക ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തണമെന്ന വാദം പൂര്‍ണമായും അസംബന്ധമാണ്. ചരിത്രപരമായി അടുത്ത സഖ്യരാജ്യത്തോടും മറ്റൊരു ജനതയോടും ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കണം' എന്നും അവര്‍ ആവശ്യപ്പെട്ടു. ഡെന്‍മാര്‍ക്കിന്റെ രാജ്യമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് രാജ്യങ്ങളിലൊന്നിനെയും അമേരിക്കയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ അവകാശമില്ലെന്നും ഫ്രെഡറിക്‌സന്‍ വ്യക്തമാക്കി.

57,000ത്തോളം ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിന് 1979 മുതല്‍ വിപുലമായ സ്വയംഭരണം നിലവിലുണ്ടെങ്കിലും പ്രതിരോധവും വിദേശനയവും ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ഹൈടെക് വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ഖനിജസമ്പത്തുകള്‍ ഗ്രീന്‍ലാന്‍ഡിലുണ്ടെന്നതും ശ്രദ്ധേയമാണ്.

ട്രംപ് വീണ്ടും ഗ്രീന്‍ലാന്‍ഡ് 'അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന്' ആവര്‍ത്തിച്ചതോടെയാണ് വിവാദം രൂക്ഷമായത്. എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവേ, 'റഷ്യയും ചൈനയും ചുറ്റപ്പെട്ട മേഖലയാണ് ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്കിന് അത് കൈകാര്യം ചെയ്യാനാകില്ല' എന്നും ട്രംപ് പറഞ്ഞു. മഡൂറോയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയും ട്രംപ് ഗ്രീന്‍ലാന്‍ഡിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു.

ഇതിനിടെ, ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍, യുഎസ് പതാകയുടെ നിറങ്ങളില്‍ ഗ്രീന്‍ലാന്‍ഡിന്റെ ചിത്രം 'SOON' എന്ന അടിക്കുറിപ്പോടെ എക്‌സില്‍ പോസ്റ്റ് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചു. ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി യെന്‍സ്‌ഫ്രെഡറിക് നീല്‍സന്‍ ഈ പോസ്റ്റിനെ 'അപമാനകരം' എന്ന് വിശേഷിപ്പിച്ചു. 'രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും ആധിഷ്ടിതമാണ്; സോഷ്യല്‍ മീഡിയ പോസ്റ്റുകളിലല്ല' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 'ആശങ്കയ്‌ക്കോ പാനിക്കിനോ കാര്യമില്ല; ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്ക് അല്ല' എന്നും നീല്‍സന്‍ കൂട്ടിച്ചേര്‍ത്തു.

ഡെന്‍മാര്‍ക്കിന്റെ യുഎസ് അംബാസഡര്‍ ജെസ്പര്‍ മൊല്ലര്‍ സോറന്‍സനും ഗ്രീന്‍ലാന്‍ഡിന്റെ ദേശീയമായ അഖണ്ഡതയ്ക്ക് പൂര്‍ണ ബഹുമാനം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

2019ല്‍ ആണ് ആദ്യമായി 'ഗ്രീന്‍ലാന്‍ഡ് വാങ്ങല്‍' എന്ന ആശയം ട്രംപ് മുന്നോട്ടുവച്ചത്. 2025 ഡിസംബറില്‍ ഗ്രീന്‍ലാന്‍ഡിനായി പ്രത്യേക ദൂതനായി ലൂയിസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ നിയമിച്ചതും ആശങ്കയ്ക്ക് ഇടയാക്കി. ഗ്രീന്‍ലാന്‍ഡ് യുഎസിന്റെ ഭാഗമാക്കാന്‍ സഹായിക്കുകയാണ് തന്റെ ചുമതലയെന്ന് ലാന്‍ഡ്രി പരസ്യമായി പറഞ്ഞിരുന്നു.

വെനിസ്വേലയില്‍ 'ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്' എന്ന പേരില്‍ നടത്തിയ സൈനിക ഇടപെടലിലൂടെ മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂടിയതിന് പിന്നാലെ, ഗ്രീന്‍ലാന്‍ഡ് വിഷയത്തിലെ ട്രംപിന്റെ കടുത്ത നിലപാട് ആഗോളതലത്തില്‍ പുതിയ രാഷ്ട്രീയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.