ന്യൂജഴ്സി: യു എസ് മറൈന്‍ സേനയിലെ മുന്‍ സൈനികനും സാങ്കേതികവിദ്യ രംഗത്തെ വിദഗ്ധനുമായ ഇന്ത്യന്‍- അമേരിക്കന്‍ പുല്‍കിത് ദേശായി ന്യൂജഴ്സിയിലെ പാര്‍സിപ്പാനി നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. നേരിയ ഭൂരിപക്ഷത്തില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയത്തോടെ പാര്‍സിപ്പാനി ടൗണ്‍ഷിപ്പിന്റെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയറെന്ന ചരിത്ര നേട്ടമാണ് അദ്ദേഹം കൈവരിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ദേശായി, പ്രൊവിഷണല്‍ വോട്ടുകളും വോട്ട്-ബൈ-മെയില്‍ ബാലറ്റുകളും എണ്ണിയതിനെ തുടര്‍ന്ന്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ മേയറുമായ ജെയിംസ് ബാര്‍ബെരിയോ നേടിയിരുന്ന മുന്‍തൂക്കം മറികടക്കുകയായിരുന്നു. അന്തിമ ഫലപ്രകാരം വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് ദേശായി വിജയിച്ചത്.
അതേസമയം, ടൗണ്‍ഷിപ്പ് കൗണ്‍സിലിലേക്കുള്ള രണ്ട് സീറ്റുകളും ഡെമോക്രാറ്റുകള്‍ നേടിയതോടെ കൗണ്‍സിലില്‍ ഭൂരിപക്ഷ നിയന്ത്രണവും പാര്‍ട്ടിക്ക് ലഭിച്ചു. പുല്‍കിത് ദേശായിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി 3-നാണ് നടന്നത്.
