വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2026ലെ യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചതോടെ രാഷ്ട്രീയ രംഗം വീണ്ടും ചൂടുപിടിച്ചു. റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളുടെ രഹസ്യ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ജനുവരി 6 ക്യാപിറ്റോള്‍ ആക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു പ്രസംഗം എന്നതും വിമര്‍ശനങ്ങള്‍ക്ക് ശക്തി നല്‍കി.
ഡെമോക്രാറ്റുകള്‍ തന്നെ 'ഡിക്ടേറ്റര്‍' (ഏകാധിപതി) എന്ന് വിളിക്കുന്നുവെന്ന പരാതിയുമായി സംസാരിച്ച ട്രംപ്, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആശയം തമാശയായി ഉന്നയിച്ചെങ്കിലും ഉടന്‍ തന്നെ തിരുത്തി.
'ഞാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പറയില്ല. പക്ഷേ അവര്‍ തന്നെ റദ്ദാക്കണം. ഇല്ലെങ്കില്‍ 'അയാള്‍ ഡിക്ടേറ്റര്‍ ആണെന്ന്' വ്യാജവാര്‍ത്തകള്‍ പറയും,' എന്ന് പുഞ്ചിരിയോടെ ട്രംപ് പറഞ്ഞു.
മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയെയും ജോ ബൈഡനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ട്രംപ്, തന്റെ ഭരണകാല നയങ്ങള്‍ ശരിയായതാണെന്നും എന്നിട്ടും ജനങ്ങള്‍ എതിരായി വോട്ടു ചെയ്യുന്നതില്‍ 'മനശ്ശാസ്ത്രപരമായ' കാരണങ്ങളുണ്ടെന്നും അവകാശപ്പെട്ടു. 2024ലെ തെരഞ്ഞെടുപ്പില്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ നേടിയ വിജയവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസിഡന്റായാല്‍ മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി ലഭിക്കുമെന്ന അമേരിക്കന്‍ രാഷ്ട്രീയ പാരമ്പര്യത്തെയും ട്രംപ് പരാമര്‍ശിച്ചു. 'പ്രസിഡന്‍സി ജയിച്ചാല്‍ മിഡ്‌ടേം തോല്‍ക്കും എന്നാണ് അവര്‍ പറയുന്നത്. പൊതുജനങ്ങളുടെ മനസ്സില്‍ എന്താണ് നടക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ നന്നായിരുന്നു,' എന്നും ട്രംപ് പറഞ്ഞു.
ഇംപീച്ച്‌മെന്റ് ഭയം തുറന്നുപറഞ്ഞ് ട്രംപ്
പ്രസംഗത്തിനിടെ ട്രംപ് ചില മുന്നറിയിപ്പുകളും നല്‍കി. തന്റെ ആദ്യ ഭരണകാലത്ത് ഡെമോക്രാറ്റുകള്‍ രണ്ടുതവണ ഇംപീച്ച് ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ച ട്രംപ്, മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ വീണ്ടും ഇംപീച്ച്‌മെന്റ് ശ്രമം ഉണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചു.
'മിഡ്‌ടേം നിങ്ങള്‍ ജയിക്കണം. ഇല്ലെങ്കില്‍ എനിക്കെതിരെ വീണ്ടും ഇംപീച്ച്‌മെന്റിന് അവര്‍ക്ക് വേറെ കാരണമൊന്നും വേണ്ടിവരില്ല,' എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് റദ്ദാക്കല്‍ പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്നും, ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നുമുള്ള വിമര്‍ശനങ്ങളാണ് ഡെമോക്രാറ്റുകളും സിവില്‍ സമൂഹവും ഉന്നയിക്കുന്നത്. ട്രംപിന്റെ വാക്കുകള്‍ രാഷ്ട്രീയ തമാശയാണോ അതോ അപകടകരമായ മുന്നറിയിപ്പാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉയരുന്നത്.
ഏകാധിപതി പരാമര്‍ശം വീണ്ടും: 2026 മിഡ്‌ടേം തെരഞ്ഞെടുപ്പ് റദ്ദാക്കുമോ? ട്രംപിന്റെ പരാമര്‍ശം വിവാദത്തില്‍
