മിന്നീപ്പോളിസ്: ഫെഡറല്‍ കുടിയേറ്റ ഉദ്യോഗസ്ഥരുടെ നേരെ വാഹനം ഇടിക്കാനുള്ള ശ്രമം നടത്തിയതായി ആരോപിച്ച് ഒരു സ്ത്രീയെ യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ സി ഇ) ഏജന്റ് വെടിവെച്ച് കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്) നല്‍കിയ വിവരമനുസരിച്ച് താമസ കേന്ദ്രത്തിലുണ്ടായ സംഭവത്തില്‍ ഐ സി ഇ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡി എച്ച് എസ് വക്താവ് ട്രിഷിയ മക്ലാഫ്‌ലിന്‍ സംഭവം സ്ഥിരീകരിച്ചു.
അമേരിക്കന്‍ നഗരങ്ങളില്‍ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ പരിശോധനകള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ടായിരം ഫെഡറല്‍ ഏജന്റുമാര്‍ പങ്കെടുക്കുന്ന വന്‍ ഓപ്പറേഷന്‍ നടത്താനുള്ള പദ്ധതികള്‍ ഡി എച്ച് എസ് പുറത്തുവിട്ടതോടെ മിന്നിപ്പോളിസിലും സമീപ നഗരമായ സെന്റ് പോളിലും സംഘര്‍ഷാവസ്ഥ ഉയര്‍ന്നിരുന്നു. സോമാലി സമൂഹത്തിലെ ചില അംഗങ്ങളെ ഉള്‍പ്പെടുത്തി നടന്നുവെന്ന് പറയപ്പെടുന്ന തട്ടിപ്പ് കേസുകളുമായി ഈ നടപടി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെടിവെപ്പിന് പിന്നാലെ സംഭവസ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പ്രാദേശികവും ഫെഡറല്‍തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ സമാന നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗ്രിഗറി ബൊവിനോയും സ്ഥലത്തുണ്ടായിരുന്നു. മുന്‍കാല കുടിയേറ്റ പരിശോധനകളില്‍ കണ്ടതുപോലെ, പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സ് അംഗം ഇല്‍ഹാന്‍ ഒമര്‍ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ദക്ഷിണ മിന്നീപ്പോളിസില്‍ ഐ സി ഇ ഏജന്റുമാര്‍ വെടിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ താന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അറിയിക്കുമെന്നും ഐ സി ഇ നമ്മുടെ സമൂഹങ്ങളെ ഭീതിയിലാഴ്ത്തുന്നത് അവസാനിപ്പിച്ച് നഗരത്തില്‍ നിന്ന് പിന്മാറണമെന്നും പറഞ്ഞു. മിന്നിപ്പോളിസ് മേയര്‍ ജേക്കബ് ഫ്രേയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ഐ സി ഇ ഏജന്റുമായി ബന്ധപ്പെട്ട വെടിവെപ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഫെഡറല്‍ കുടിയേറ്റ നിയമപ്രവര്‍ത്തകരുടെ സാന്നിധ്യം നഗരത്തിന് കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് വിശേഷിപ്പിച്ച ഫ്രേ, സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഐ സി ഇ ഉടന്‍ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പിന്തുണയ്ക്കുന്ന നിലപാട് നഗരസഭ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
