ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ചകളുടെ മുഖ്യ ശബ്ദവുമായ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മകന്‍ സിദ്ധാര്‍ഥ് ഗാഡ്ഗിലാണ് മരണവാര്‍ത്ത അറിയിച്ചത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗില്‍. 2011ല്‍ സമര്‍പ്പിച്ച ഈ സമിതിയുടെ റിപ്പോര്‍ട്ട് പിന്നീട് 'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്' എന്ന പേരില്‍ അറിയപ്പെട്ടു. ഇടതൂര്‍ന്ന വനങ്ങളും അപൂര്‍വമായ തദ്ദേശീയ ജീവജാലങ്ങളുമുള്ള പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ 75 ശതമാനം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.
എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ നിര്‍ദേശങ്ങള്‍ അതീവ നിയന്ത്രണാത്മകമാണെന്ന് വാദിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതി, പരിസ്ഥിതി ലോല പ്രദേശം 50 ശതമാനമായി കുറച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നാല് കരട് വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയെങ്കിലും, ഗാഡ്ഗില്‍ സമിതി ആദ്യമായി അതിര്‍ത്തി നിര്‍ണയം ശുപാര്‍ശ ചെയ്തിട്ട് 15 വര്‍ഷം പിന്നിട്ടിട്ടും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല.
2024ല്‍ ഉരുള്‍പൊട്ടലില്‍ 250ലധികം പേര്‍ കൊല്ലപ്പെട്ട പ്രദേശങ്ങള്‍ പോലും ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ച പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസനം ഗുരുതരമായ പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം പലവട്ടം നല്‍കിയിരുന്നു.
വ്യവസായവല്‍ക്കരണവും കാലാവസ്ഥാ മാറ്റവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെ, ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ കരുത്തായ പശ്ചിമഘട്ട മലനിര സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഗാഡ്ഗിലിന്റെ പരിസ്ഥിതി ദര്‍ശനത്തിന്റെ ആധാരം. ഇന്ത്യയുടെ ജൈവ വൈവിധ്യ നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റിയുടെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അഡ്വൈസറി പാനലിന്റെയും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെയും അധ്യക്ഷനായിരുന്നു.
2024ല്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) ഗാഡ്ഗിലിനെ 'ഭൂമിയുടെ ചാമ്പ്യന്മാര്‍' പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. 2023ല്‍ 'എ വാക്ക് അപ്പ് ദി ഹില്‍: ലിവിംഗ് വിത്ത് പീപ്പിള്‍ ആന്‍ഡ് നേച്ചര്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു.
പശ്ചിമഘട്ടത്തിലെ സമ്പന്നമായ പ്രകൃതിയോടും സാംസ്‌കാരിക പൈതൃകത്തോടും കൗമാരകാലം മുതല്‍ ആകര്‍ഷിതനായിരുന്ന ഗാഡ്ഗില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ഫീല്‍ഡ് ഇക്കോളജിസ്റ്റും നരവംശശാസ്ത്രജ്ഞനുമാകാന്‍ തീരുമാനിച്ചതായി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൂനെ, മുംബൈ, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ഗണിതശാസ്ത്രപരമായ പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറല്‍ ഗവേഷണം നടത്തി, ഐബിഎം കമ്പ്യൂട്ടര്‍ സെന്റര്‍ ഫെലോഷിപ്പും നേടി.
31 വര്‍ഷക്കാലം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരുന്ന അദ്ദേഹം, അവിടെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് സ്ഥാപിച്ചു. ആദിവാസികള്‍, കര്‍ഷകര്‍, ഇടയന്മാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണങ്ങള്‍ നടത്തിയതാണ് ഗാഡ്ഗിലിന്റെ ശാസ്ത്രീയ സംഭാവനകളുടെ പ്രത്യേകത.
ഗാഡ്ഗിലിന്റെ ഭാര്യയും പ്രശസ്ത മണ്‍സൂണ്‍ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്തരിച്ചിരുന്നു.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
