'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് അമേരിക്കയില്‍ ശക്തമായ പാകിസ്ഥാന്‍ ലോബിയിംഗ്; മാസം 50,000 ഡോളറിന് ട്രംപുമായി ബന്ധമുള്ള സ്ഥാപനവും ഇടപെട്ടു

'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് അമേരിക്കയില്‍ ശക്തമായ പാകിസ്ഥാന്‍ ലോബിയിംഗ്;  മാസം 50,000 ഡോളറിന് ട്രംപുമായി ബന്ധമുള്ള സ്ഥാപനവും ഇടപെട്ടു


വാഷിംഗ്ടണ്‍:  ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്തും അതിന് ശേഷവും അമേരിക്കയില്‍ ശക്തമായ നയതന്ത്ര-ലോബിയിംഗ് നീക്കങ്ങളാണ് പാകിസ്ഥാന്‍ നടത്തിയതെന്ന് യുഎസ് നീതിന്യായ വകുപ്പില്‍ (DOJ) സമര്‍പ്പിച്ച രേഖകള്‍ വെളിപ്പെടുത്തുന്നു. വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ ലോബിയിംഗ് സ്ഥാപനങ്ങളെ ഉപയോഗിച്ച് ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് അംഗങ്ങളെ പാകിസ്ഥാന്‍ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ ബോഡിഗാര്‍ഡ് കീത്ത് ഷില്ലറും മുന്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥന്‍ ജോര്‍ജ് സോറിയലും ചേര്‍ന്ന് സ്ഥാപിച്ച ജാവലിന്‍ അഡൈ്വസേഴ്‌സ് എന്ന സ്ഥാപനത്തെ പാകിസ്ഥാന്‍ ഏപ്രിലില്‍ നിയമിച്ചത് മാസം 50,000 ഡോളര്‍ ഫീസിനാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 'ഓപ്പറേഷന്‍ സിന്ദൂര്‍' പുരോഗമിക്കുന്നതിനിടയില്‍ തന്നെ സെനറ്റ് മേജോറിറ്റി ലീഡര്‍ ജോണ്‍ ത്യൂണ്‍, സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍, ഹൗസ് മേജോറിറ്റി ലീഡര്‍ സ്റ്റീവ് സ്‌കാലീസ്, ഹൗസ് മൈനോറിറ്റി ലീഡര്‍ ഹക്കീം ജെഫ്രീസ് എന്നിവരുടെ ഓഫീസുകളുമായി ജാവലിന്‍ ബന്ധപ്പെട്ടിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യുന്നതിനായി മെയ് 7ന് പാകിസ്ഥാന്‍ അംബാസഡര്‍ റിസ്വാന്‍ സയീദ് ഷെയ്ഖും ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബ്രയന്‍ മാസ്റ്റും തമ്മില്‍ ഫോണ്‍കാള്‍ ക്രമീകരിച്ചതും ജാവലിനായിരുന്നു. കൂടാതെ വിദേശകാര്യ, ഇന്റലിജന്‍സ്, സായുധസേനാ കമ്മിറ്റികളുമായി ബന്ധപ്പെട്ട സെനറ്റര്‍മാരായ ജീന്‍ ഷഹീന്‍, ടോം കോട്ടണ്‍, റിച്ചാര്‍ഡ് ബ്ലൂമെന്‍താല്‍ എന്നിവരുടെ ഓഫീസുകളെയും സമീപിച്ചു.

പാകിസ്ഥാന്‍ നിയമിച്ച മറ്റൊരു പ്രമുഖ സ്ഥാപനം സ്‌ക്വയര്‍ പാറ്റണ്‍ ബോഗ്‌സ് (SPG) ആണ്. ' യുഎസ്-പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ പത്തിലധികം അംഗങ്ങളുമായി ഈ സ്ഥാപനം ചര്‍ച്ച നടത്തി. ഇന്ത്യ-പാകിസ്ഥാന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ സബ്കമ്മിറ്റിയിലെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

'ഓപ് സിന്ദൂര്‍' സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് വിശദീകരിക്കുന്ന വിവരക്കുറിപ്പും SPG പ്രചരിപ്പിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് അവകാശപ്പെടുന്ന കുറിപ്പില്‍, ഇന്ത്യ പാകിസ്ഥാനില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും ഉന്നയിക്കുന്നു. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്ന നിലപാടിനെയും പാകിസ്ഥാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

'പൂര്‍ണ്ണയുദ്ധം ഒഴിവാക്കുന്നതില്‍ തന്റെ പ്രത്യേക ശേഷി തെളിയിച്ച യുഎസ്, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരിശോധിക്കാവുന്ന കരാറുകളിലെത്താന്‍ സജീവമായി ഇടപെടണം, യുഎസിന്റെ മധ്യസ്ഥത പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു' എന്നാണ് കുറിപ്പില്‍ പറയുന്നത്.

'ഓപ്പറേഷന്‍ സിന്ദൂര്‍' കാലത്തും പിന്നീടും ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുമായി ലോബിയിംഗ് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കയിലെ ലോബിയിംഗില്‍ ഇന്ത്യയെ അപേക്ഷിച്ച് മൂന്നിരട്ടിയോളം ചെലവാണ് പാകിസ്ഥാന്‍ നടത്തിയിരുന്നത്. അന്നത്തെ കണക്കുകള്‍ പ്രകാരം ആറ് സ്ഥാപനങ്ങള്‍ക്കായി മാസം ഏകദേശം 6 ലക്ഷം ഡോളര്‍ പാകിസ്ഥാന്‍ ചെലവഴിച്ചപ്പോള്‍, ഇന്ത്യ രണ്ട് സ്ഥാപനങ്ങള്‍ക്കായി 2 ലക്ഷം ഡോളര്‍ മാത്രമാണ് ചെലവിട്ടത്.