മിന്നിയാപ്പോളിസ്: അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥരുടെ താമസ ബുക്കിങ് റദ്ദാക്കിയ സംഭവത്തില്‍, മിന്നസോട്ടയില്‍ ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ഹാംപ്ടണ്‍ ഇന്‍ ഹോട്ടലിനെ ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ്‌സ് സ്വന്തം ബുക്കിങ്, ബ്രാന്‍ഡിങ് സംവിധാനങ്ങളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും രാഷ്ട്രീയ ഇടപെടലും ഉയര്‍ന്നതിന് പിന്നാലെ, 24 മണിക്കൂറിനുള്ളിലാണ് ഹില്‍ട്ടണ്‍ കടുത്ത നടപടി സ്വീകരിച്ചത്.
മിന്നിയാപ്പോളിസിന് സമീപമുള്ള ലേക്ക്‌വില്ലിലെ ഹോട്ടല്‍ ICE ഉള്‍പ്പെടെയുള്ള ഫെഡറല്‍ നിയമസംരക്ഷണ ഏജന്‍സികളുടെ ബുക്കിങ് റദ്ദാക്കിയതായി എക്‌സില്‍ പ്രത്യക്ഷപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളാണ് വിവാദത്തിന് തുടക്കമിട്ടത്. 'ICE അല്ലെങ്കില്‍ കുടിയേറ്റ ഏജന്‍സി ഉദ്യോഗസ്ഥരെ ഹോട്ടലില്‍ അനുവദിക്കില്ല' എന്ന പരാമര്‍ശം ഉള്‍പ്പെട്ട ഇമെയിലാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) പൊതുവില്‍ എത്തിച്ചത്. ഇത് 'ബോധപൂര്‍വമായ നിഷേധ ക്യാംപെയ്ന്‍' ആണെന്ന് DHS ആരോപിച്ചു.
ആദ്യഘട്ടത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരായ എവര്‍പീക് ഹോസ്പിറ്റാലിറ്റി ഖേദം പ്രകടിപ്പിക്കുകയും, ബാധിതരായ അതിഥികള്‍ക്ക് മറ്റ് താമസ സൗകര്യങ്ങള്‍ ഒരുക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് പുറത്തുവന്ന ഒരു വീഡിയോയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ വീണ്ടും ICE ഉദ്യോഗസ്ഥരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി കാണപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്.
'ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലായാലും, ബ്രാന്‍ഡിന്റെ മൂല്യങ്ങളും മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതായി പുതിയ വീഡിയോ തെളിയിക്കുന്നു. അതിനാല്‍ ഹോട്ടലിനെ ഉടന്‍ തന്നെ ഞങ്ങളുടെ സംവിധാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു,' ഹില്‍ട്ടണ്‍ വ്യക്തമാക്കി. 'ഹില്‍ട്ടണ്‍ എല്ലാവര്‍ക്കും തുറന്ന സ്ഥാപനമാണ്,' എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഈ നടപടി ഇന്ത്യന്‍ വംശജരായ സംരംഭകരെ അമേരിക്കയില്‍ വീണ്ടും ചര്‍ച്ചാവിഷയമാക്കി. യുഎസിലെ ഹോട്ടല്‍ മേഖലയിലെ വലിയൊരു വിഹിതം ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടേതാണെന്നിരിക്കെ, ഒരു ഫ്രാഞ്ചൈസി ഹോട്ടലിലെ നടപടികള്‍ ആഗോള ബ്രാന്‍ഡിനെയും ഇന്ത്യക്കാരായ ഉടമകളെയും ഒരേസമയം പ്രതിസന്ധിയിലാക്കിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹില്‍ട്ടണിന്റെ ഇടപെടലിനെ DHS സ്വാഗതം ചെയ്തു. 'ഫെഡറല്‍ നിയമസംരക്ഷണ ഏജന്‍സികളെ ലക്ഷ്യമിട്ട് നടക്കുന്ന വിവേചനപരമായ വ്യാപാര നടപടികള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം നടപടികള്‍ക്ക് വ്യാപാരപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,' DHS അസിസ്റ്റന്റ് സെക്രട്ടറി ട്രിഷിയ മക്‌ലാഫ്‌ലിന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഹില്‍ട്ടണ്‍ ബ്രാന്‍ഡിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍, മറ്റൊരു വിഭാഗം ICE വിരുദ്ധ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ഹെഡ്ജ് ഫണ്ട് മേധാവി ബില്‍ അക്ക്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിഷയം ഏറ്റെടുത്തതോടെ ഹില്‍ട്ടണ്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവന്നു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അമേരിക്കയിലെ എല്ലാ ഫ്രാഞ്ചൈസി ഉടമകള്‍ക്കും ഹില്‍ട്ടണ്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റ രാഷ്ട്രീയത്തിനിടയില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ അനായാസം വിവാദത്തിന്റെ കേന്ദ്രത്തിലാകുന്നുവെന്നതിന്റെ പുതിയ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ICE വിവാദം: ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഹാംപ്ടണ്‍ ഇന്‍ ഹോട്ടലിനെ ഹില്‍ട്ടണ്‍ പുറത്താക്കി
