വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ (താരിഫ്) ഇരുരാജ്യ ബന്ധങ്ങളില്‍ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങല്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫുകളാണ് പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അസന്തോഷത്തിന് കാരണമെന്ന് ട്രംപ് തുറന്നുപറഞ്ഞു. എങ്കിലും ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായിത്തന്നെ തുടരുമെന്ന ഉറപ്പും അദ്ദേഹം നല്കി.
ഹൗസ് ജിഒപി അംഗങ്ങളുടെ റിട്രീറ്റില്‍ (ജനുവരി 6) സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'പ്രധാനമന്ത്രി മോഡിയുമായി എനിക്ക് വളരെ നല്ല ബന്ധമാണ്. പക്ഷേ ഇപ്പോള്‍ ഇന്ത്യക്ക് വലിയ താരിഫുകള്‍ നല്കേണ്ടിവരുന്നതിനാല് അദ്ദേഹം അത്ര സന്തോഷത്തിലല്ല,' ട്രംപ് പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യ വലിയ തോതില്‍ കുറച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയുമായുള്ള ഊര്‍ജ ഇടപാടുകള്‍ കുറയ്ക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ റഷ്യന്‍ എണ്ണ ഇടപാടുകളുമായി നേരിട്ട് ബന്ധപ്പെട്ട 25 ശതമാനം അധിക തീരുവയും ഉള്‍പ്പെടുന്നു. റഷ്യന്‍ ക്രൂഡില്‍ നിന്നുള്ള ആശ്രയം ഇനിയും കുറച്ചില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അപ്പാച്ചെ ഹെലികോപ്റ്റര്‍ വിതരണത്തില്‍ പരാമര്‍ശം
ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. വര്‍ഷങ്ങളായി ഇന്ത്യ കാത്തിരിക്കുന്ന അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ വിതരണത്തില്‍ വൈകല്‍ ഉണ്ടെന്നു സമ്മതിച്ച അദ്ദേഹം, 'അത് മാറ്റാന്‍ പോകുകയാണ്. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്,' എന്നും പറഞ്ഞു. എന്നാല്‍ വിതരണ സമയക്രമം സംബന്ധിച്ച് വ്യക്തത നല്‍കിയില്ല.
ഇതിനിടെ, എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, റഷ്യന്‍ എണ്ണ വിഷയത്തില്‍ അമേരിക്ക പ്രതീക്ഷിക്കുന്ന സഹകരണം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരായ താരിഫുകള്‍ വേഗത്തില്‍ ഉയര്‍ത്താനാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു. അതേസമയം, പ്രധാനമന്ത്രി മോഡിയെ 'വളരെ നല്ല മനുഷ്യന്' എന്നും 'നല്ല നേതാവ്' എന്നും വിശേഷിപ്പിച്ച ട്രംപ്, വാഷിങ്ടണുമായുള്ള സൗഹൃദം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞു.
ഇരുവരും അടുത്തിടെ നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. താരിഫ് വിഷയത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഇരുനേതാക്കളും ആ സംഭാഷണത്തില്‍ ഊന്നിയിരുന്നു.
'മോഡി സന്തോഷത്തിലല്ല, പക്ഷേ ബന്ധം ശക്തം': താരിഫുകളില്‍ ട്രംപിന്റെ തുറന്നുപറച്ചില്‍
