'എന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ': ട്രംപിന്റെ ഭീഷണിക്കെതിരെ കൊളംബിയന്‍ പ്രസിഡന്റ് പെട്രോ

'എന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ': ട്രംപിന്റെ ഭീഷണിക്കെതിരെ കൊളംബിയന്‍ പ്രസിഡന്റ് പെട്രോ


വാഷിംഗ്ടണ്‍/ബോഗോട്ട: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. താന്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ആളാണെന്ന ട്രംപിന്റെ പരാമര്‍ശങ്ങളെ 'അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും' എന്ന് വിശേഷിപ്പിച്ച പെട്രോ, അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ തുറന്ന മുന്നറിയിപ്പും നല്‍കി.

'കൊളംബിയയിലെ ന്യായവ്യവസ്ഥ എനിക്ക് കീഴിലല്ല. അത് സ്വതന്ത്രമാണ്. മയക്കുമരുന്ന് മാഫിയയെക്കുറിച്ച് അറിയണമെങ്കില്‍ കൊളംബിയയിലെ കോടതി രേഖകള്‍ പരിശോധിച്ചാല്‍ മതി. കഴിഞ്ഞ 50 വര്‍ഷമായി മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട യാതൊരു ഫയലിലും എന്റെ പേര് ഇല്ല,' പെട്രോ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

ട്രംപ് യാതൊരു അടിസ്ഥാനവുമില്ലാതെ സംസാരിക്കുന്നുവെന്ന് ആരോപിച്ച പെട്രോ, 'എന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ, മിസ്റ്റര്‍ ട്രംപ്. ജനകീയ പോരാട്ടത്തിലൂടെ ഉയര്‍ന്നുവന്ന ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളെ ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല,' എന്നും പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയെ മുഴുവന്‍ കുറ്റവാളികളുടെ നാടായി ചിത്രീകരിക്കുന്ന സമീപനത്തെയും പെട്രോ വിമര്‍ശിച്ചു. '30,000 വര്‍ഷങ്ങളുടെ ചരിത്രമുള്ള ഈ ഭൂഖണ്ഡത്തെ നിങ്ങള്‍ കുറ്റവാളികളുടെ കൂടാരമായി കാണരുത്. ഞാന്‍ നിങ്ങളുടെ ചരിത്രം പഠിച്ചിട്ടുണ്ട്; നിങ്ങള്‍ക്കും ഞങ്ങളുടെ ചരിത്രം വായിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സൈനികാക്രമണ സാധ്യതകളെക്കുറിച്ചും പെട്രോ കടുത്ത മുന്നറിയിപ്പ് നല്‍കി. 'മതിയായ രഹസ്യാന്വേഷണ വിവരങ്ങളില്ലാതെ ബോംബാക്രമണം നടത്തിയാല്‍ കുട്ടികള്‍ കൊല്ലപ്പെടും. കര്‍ഷകരെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പര്‍വതങ്ങളില്‍ വീണ്ടും ആയിരക്കണക്കിന് ഗ്വെറില്ലകള്‍ ഉയരും. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റിനെ അറസ്റ്റ് ചെയ്താല്‍ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടും,' പെട്രോ പറഞ്ഞു.

അതേസമയം, എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ട്രംപ് പെട്രോയെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. 'കൊളംബിയ വളരെ ഗുരുതരാവസ്ഥയിലാണ്. മയക്കുമരുന്ന് നിര്‍മ്മിച്ച് അമേരിക്കയിലേക്ക് വില്‍ക്കുന്ന ഒരാള്‍ ആണ് അവിടെ ഭരണത്തില്‍. അദ്ദേഹം അധികകാലം അവിടെ തുടരുമെന്ന് തോന്നുന്നില്ല,' ട്രംപ് പറഞ്ഞു. കൊളംബിയന്‍ പ്രസിഡന്റിനെ ലക്ഷ്യമാക്കി അമേരിക്കന്‍ ഓപ്പറേഷന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, 'അത് നല്ലതായിരിക്കും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

മെക്‌സിക്കോയും ക്യൂബയും ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെക്കുറിച്ചും ട്രംപ് ഭീഷണിസ്വരത്തില്‍ പ്രതികരിച്ചു. വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മദൂറോയെ പിടികൂടിയ അമേരിക്കന്‍ സൈനിക നടപടി 'മയക്കുമരുന്ന് യുദ്ധത്തിന്റെ' ഭാഗമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.