ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം തൊഴില്‍ശക്തിയുടെയും നൈപുണ്യ വികസനത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേരെ പരസ്പരം കൈമാറുന്ന പദ്ധതിക്ക് രൂപം നല്കി. ഇതിന്റെ ഭാഗമായി 50,000 വൈദഗ്ധ്യമുള്ളതും അര്ധവൈദഗ്ധ്യമുള്ളതുമായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജപ്പാനില്‍ തൊഴില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജപ്പാന് പ്രധാനമന്ത്രി സനായെ തകൈച്ചിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന 16-ാമത് ഇന്ത്യ- ജപ്പാന് വാര്‍ഷിക ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും മനുഷ്യവിഭവശേഷി കൈമാറ്റത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയത്. തൊഴിലാളികള്‍ മാത്രമല്ല, വിദ്യാര്‍ഥികള്‍, ഇന്റേണുകള്‍, ഗവേഷകര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവരും പദ്ധതിയുടെ ഭാഗമാകും.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, പ്രതിഭകളുടെ കൈമാറ്റം, നൈപുണ്യ വികസനം, സാങ്കേതിക പരിശീലന പദ്ധതികള്‍ എന്നിവ വികസിപ്പിക്കുന്നതിനൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജനനനിരക്ക് കുറയുകയും ജനസംഖ്യ പ്രായമാകുകയും ചെയ്യുന്നതോടെ ജപ്പാന് കടുത്ത തൊഴില്‍ക്ഷാമം നേരിടുകയാണ്. 2008ല്‍ ഏകദേശം 12.8 കോടി ഉണ്ടായിരുന്ന ജനസംഖ്യ ഇപ്പോള്‍ 12.2 കോടിയോളമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.
ഇതിന്റെ ഫലമായി നിര്‍മാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഗതാഗതം, വിവരസാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലാളികളുടെ കുറവ് രൂക്ഷമായിരിക്കുകയാണ്.
ശരാശരി പ്രായം 29 വയസുള്ള ഇന്ത്യയ്ക്ക് വലിയ യുവജന തൊഴില്ശക്തിയുണ്ട്. എന്‍ജിനിയറിങ്, സാങ്കേതിക മേഖലകള്‍, ആരോഗ്യമേഖല, ഐ ടി സേവനങ്ങള്‍ എന്നിവയില്‍ പരിശീലനം നേടിയ യുവാക്കളെ ജപ്പാനിലേക്ക് അയയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.
2019-ല്‍ ജപ്പാന് ആരംഭിച്ച സ്പെസിഫൈഡ് സ്കില്‍ഡ് വര്‍ക്കര്‍ പദ്ധതിയിലൂടെയാകും ഭൂരിഭാഗം ഇന്ത്യന്‍ തൊഴിലാളികളും ജപ്പാനിലേക്ക് പോകുക. പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരീക്ഷയും ജാപ്പനീസ് ഭാഷാ പ്രാവീണ്യ പരീക്ഷയും വിജയിക്കണം.
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന വേതനവും ആധുനിക വ്യവസായ മേഖലയിലെ പ്രവര്‍ത്തന പരിചയവും ഈ പദ്ധതിയിലൂടെ ലഭിക്കും. അതേസമയം, തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ ജപ്പാന് ഇത് പ്രായോഗികമായ മാര്‍ഗമാകും.
എന്നാല്‍ ജാപ്പനീസ് ഭാഷ അഭ്യസിക്കല്‍, പ്രാദേശിക സംസ്കാരവുമായി പൊരുത്തപ്പെടല്‍, കര്‍ശനമായ തൊഴില്‍ സംസ്കാരത്തോട് ഇണങ്ങല്‍ തുടങ്ങിയ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇതിനെ മറികടക്കാന്‍ ജപ്പാനുമായി സഹകരിച്ചുള്ള പരിശീലന കേന്ദ്രങ്ങളിലൂടെയും നൈപുണ്യ വികസന പദ്ധതികളിലൂടെയും ഇന്ത്യ കൂടുതല്‍ ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുന്നുണ്ട്.
50,000 തൊഴിലാളികള്‍ ജപ്പാന്റെ ദീര്‍ഘകാല തൊഴില്‍ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും ഇന്ത്യന്‍ തൊഴില്‍ശക്തിയെ ജപ്പാന്റെ സമ്പദ്വ്യവസ്ഥയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.
