വോ​ട്ട് ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ 'ച​ലോ ദി​ല്ലി' മാ​ർ​ച്ച് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വോ​ട്ട് ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ 'ച​ലോ ദി​ല്ലി' മാ​ർ​ച്ച് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്


ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​ർ​ച്ച ആ​രോ​പി​ച്ചും പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച 'ച​ലോ ദി​ല്ലി' സു​പ്രീം​കോ​ട​തി മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പ്രി​യ​ങ്ക ഗാ​ന്ധി, നേ​ഹ ബോ​റ, യോ​ഗേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സു​ക​ളി​ൽ നേ​താ​ക്ക​ളും എം​പി​മാ​രും സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് തി​രി​ഞ്ഞ​ത്. 

സുപ്രീം കോടതിയെ സമീപിക്കാനായി പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ മധ്യ ഡൽഹിയിൽ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരിക്കുന്നത്. കോണാട്ട് പ്ലേസിനും മാണ്ഡി ഹൗസിനും ഇടയിലുള്ള പ്രദേശം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. രണ്ടു ബസുകളിലായി കയറിയ ഇന്ത്യ സഖ്യ നേതാക്കൾക്കൊപ്പം പ്രതിഷേധക്കാരും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ബാരക്കമ്പയിലെത്തി അവിടെ നിന്നും കാൽനടയായി സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് പരിപാടി. സുപ്രീംകോടതി മെട്രോ സ്റ്റേഷൻ മുതൽ മാണ്ഡി ഹൗസ് വരെയുള്ള റോഡ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് പൂർണ്ണമായും അടച്ചു. ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നതിനാൽ ഈ പാത പൊതുജനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, യാത്രക്കാർ പകരം വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യു​ന്ന ഇ​ട​ങ്ങ​ളി​ൽ വെ​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി രാ​ഷ്ട്രീ​യ-​ജാ​തി-​മ​ത ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന പൊ​ലി​സ് അ​തി​ക്ര​മ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച നേ​താ​ക്ക​ൾ, ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. വ​ൻ ജ​ന​പ്ര​വാ​ഹം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇത് പരമശിവന്റെ താണ്ഡവം: രാഹുൽ 

പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​ര​ത്തെ പ​ര​മ​ശി​വ​ന്‍റെ താ​ണ്ഡ​വ​ത്തോ​ട് ഉ​പ​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ് പ്ര​തി​ഷേ​ധം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്നാണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത് താ​ണ്ഡ​വ​മാ​ണ്, ശി​വ​ന്‍റെ നൃ​ത്തം. ഇ​തി​ന് പ്ര​ത്യേ​ക ആ​സൂ​ത്ര​ണ​മൊ​ന്നു​മി​ല്ല. ഇ​ന്ന് ഞ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്നു. നാ​ളെ മ​റ്റെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കാം. എ​ന്നാ​ൽ ഇ​തി​ന്‍റെ​യെ​ല്ലാം ആ​ശ​യം ഒ​ന്നാ​ണ്. ഇ​തി​ന് ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ആ​കാ​ശ​വാ​ണി ഭ​വ​നി​ലേ​ക്ക് പോ​യ​പ്പോ​ഴും കൃ​ത്യ​മാ​യ പ​ദ്ധ​തി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​സി​ൽ പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പൊ​ലി​സ് ബ​സ് ത​ട​യു​ക​യും യാ​ത്ര അ​നു​വ​ദി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം വേ​ണ​മെ​ന്നി​ല്ല.

തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് പ​ല​പ്പോ​ഴും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​കു​ന്ന​ത്. ഇ​ന്ത്യ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​ത് ഹൃ​ദ​യം​കൊ​ണ്ടാ​ണെ​ന്നും ആ​സൂ​ത്ര​ണം​കൊ​ണ്ട​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​ജെ​പി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​വും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​വ​യോ സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന​വ​യോ അ​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

റോഡുകളില്‍ എന്തിനാണ് 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡസണ്‍ കണക്കിന് ബസുകളും കലാപ വിരുദ്ധ വാഹനങ്ങളും ജലപീരങ്കികളും നിരത്തിയിരിക്കുന്നത് എന്തിനാണ്? ഗ്യാനേഷ്‌ കുമാറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്‍റെ വലിയൊരു തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പൊതുജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ഗ്യാനേഷ്‌ കുമാര്‍ എന്നിവരും തമ്മിലുള്ള പോരാട്ടമാണ്. പ്രതിഷേധിച്ചെത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. അതിനായി ആര്‍എസ്‌എസ്‌ ഗുണ്ടകളെയാണ് സര്‍ക്കാര്‍ അഴിച്ചുവിട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും തെരഞ്ഞെടുപ്പ് സുതാര്യതയുടെയും കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷനും താനും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. അതിന് ചീഫ് ജസ്റ്റിസ് ഞങ്ങൾക്ക് മറുപടി നൽകുകയും ഒരു ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഇന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കളോടൊപ്പം ഞാൻ സുപ്രീംകോടതിയിലെത്തി ഈ ഹർജി സമർപ്പിക്കുമെന്നും" അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരം മുഴുവൻ തടസം സൃഷ്‌ടിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ നിങ്ങൾ കൃത്രിമം കാണിച്ചിട്ടില്ലെന്ന് തെളിയിക്കണമെന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. അവർ എത്രത്തോളം തടസങ്ങൾ സൃഷ്‌ടിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്യുന്നുവോ അത്രത്തോളം അവർ ഞങ്ങളുടെ കെണിയിൽ വീഴുകയാണ്. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട തെളിവുകൾ രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നുവെന്ന തന്‍റെ മുൻപത്തെ അവകാശവാദം രാഷ്ട്രപതിയുടെ ഓഫിസ് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇന്ത്യ ബ്ലോക്കിൻ്റെ നിവേദനം സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ഭരണഘടനാപരമായ വിഷയങ്ങളിൽ ഭരണപരമായ കൂടിക്കാഴ്ചകൾ സാധ്യമല്ലെന്നും, ആവശ്യമെങ്കിൽ പ്രതിപക്ഷത്തിന് കോടതിയെ സമീപിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധി സംഘത്തെ ഭരണപരമായ തലത്തിൽ കാണാൻ കോടതിക്ക് അധികാരമില്ലെന്നും, ഹർജികൾ കേട്ട് വിധി പറയുക എന്നതാണ് കോടതിയുടെ ചുമതലയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ പരമോന്നത നീതിന്യായ പീഠം എന്ന നിലയിൽ സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും, ഓരോ പൗരൻ്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.