ന്യൂഡൽഹി : രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. യാത്രക്കാർക്ക് ഫോണിലെ ഇലക്ട്രോണിക് ബോർഡിംഗ് പാസോ അല്ലെങ്കിൽ അതിന്റെ പ്രിന്റഡ് കോപ്പിയോ കാണിച്ചാൽ മതിയാകും. പ്രിന്റഡ് ബോർഡിംഗ് പാസ് ആണെങ്കിലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ബോർഡിംഗ് പാസിൽ സ്റ്റാമ്പ് പതിക്കില്ല. യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഈ മാറ്റം കൊണ്ടുവരുന്നത്. സെപ്റ്റംബർ 1 മുതൽ ഈ സംവിധാനം നിലവിൽവരും.
ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ ബോർഡിംഗ് പാസ് ഹാജരാക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുകയും, നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കാണ് പുതിയ നിയമം ബാധകം. സ്റ്റാമ്പ് പതിച്ചതിനാൽ ബോർഡിങ് പാസിലെ വിവരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുന്നുവെന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. തുടർന്നാണ് പുതിയ തീരുമാനം. പരിഷ്കരിച്ച നടപടിക്രമങ്ങളെക്കുറിച്ച് വിമാനത്താവള അധികൃതരെയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും മറ്റ് ബന്ധപ്പെട്ടവരെയും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചിട്ടുണ്ട്.
പുതിയ രീതി പ്രകാരം, അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ തങ്ങളുടെ മൊബൈൽ ഫോണിലെ ഇ-ബോർഡിംഗ് പാസ് കാണിച്ചാൽ മതിയാകും. അതായത്, ഡിജിറ്റൽ ബോർഡിംഗ് പാസ് ഉപയോഗിക്കുന്നവർ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കുന്നതിനായി മാത്രം പ്രത്യേകം പ്രിന്റ് ചെയ്ത കോപ്പി കൈവശം വെക്കേണ്ടതില്ല. ഫിസിക്കൽ ബോർഡിംഗ് പാസ് (കടലാസ് രൂപത്തിലുള്ള പാസ്) ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടർന്നും കൈവശം വെക്കാവുന്നതാണ്. എന്നാൽ, അതിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇനി സ്റ്റാമ്പ് പതിക്കില്ല.
ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കാണ് ഈ മാറ്റം ബാധകമാകുന്നത്. അനാവശ്യമായ ഒരു നടപടിക്രമം ഒഴിവാക്കി ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാമ്പ് അടിക്കുന്നതിനുള്ള സമയം ഒഴിവാകുന്നതിലൂടെ ഇമിഗ്രേഷൻ ലൈനുകളിലെ തിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ബോർഡിങ് പാസിൽ ഇനി സ്റ്റാമ്പ് പതിപ്പിക്കേണ്ട, ഡിജിറ്റൽ പാസ് മതി; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ
