ശ്രീനഗർ: ജമ്മു കശ്‌മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി ഊഷ്‌മളമായ കൂടിക്കാഴ്‌ചയാണ് നടന്നതെന്നും യുഎസും ജമ്മു കശ്‌മീരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഗ്രഹിക്കുന്നുവെന്നും സെർജിയോ ഗോർ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീർ സന്ദർശിക്കുന്ന ആദ്യ അമേരിക്കന്‍ അംബാസിഡറാണ് സെർജിയോ ഗോർ.
ജമ്മു കശ്‌മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിൽ മേഖലയിലേക്കുള്ള യാത്രാ വിലക്കുകൾ അമേരിക്ക പുനഃപരിശോധിക്കുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. “ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്. ഞങ്ങൾക്ക് ചില തുടർനടപടികൾ ആവശ്യമുണ്ട്, ആയതിനാൽ അവ വാഷിങ്ടണിലും ഡൽഹിയിലും വീണ്ടും ചർച്ച ചെയ്യാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- സെർജിയോ ഗോർ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം സെർജിയോ ഗോർ തൻ്റെ എക്‌സ് പോസ്റ്റിലും പങ്കുവച്ചു. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങൾക്കും പരസ്‌പരം പ്രയോജനകരമാകുന്ന വിധം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും നൂതന അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്‌തുവെന്നും സെർജിയോ ഗോർ എക്‌സിൽ കുറിച്ചു.
ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജിയോ ഗോർ ശ്രീനഗറിൽ എത്തിയത്. ശ്രീനഗറിലെത്തിയ ഉടൻ തന്നെ സെർജിയോ ഗോർ മുഖ്യമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു. യുഎസും ജമ്മു കശ്‌മീരും തമ്മിലുള്ള ഇടപെടൽ വരും വർഷങ്ങളിൽ വിശാലവും ആഴമേറിയതുമാകുമെന്ന് താൻ വളരെ പ്രതീക്ഷയോടെയും ശുഭാപ്‌തിവിശ്വാസത്തോടെയും കരുതുന്നു എന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു.
അമേരിക്കൻ അംബാസിഡറുമായി കശ്‌മീരിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുമെങ്കിലും ആഭ്യന്തര വിഷയങ്ങൾ ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരാണെന്നും മറ്റൊരു രാജ്യത്തിൻ്റെ പ്രതിനിധിയോട് പരാതി പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2026 ജനുവരിയിൽ ഇന്ത്യയിലെ 27-ാമത് അമേരിക്കൻ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം സെർജിയോ ഗോർ നടത്തുന്ന ആദ്യ കശ്‌മീർ സന്ദർശനമാണിത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണവും തുടർന്നുണ്ടായ യുദ്ധസമാന സാഹചര്യവും കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ സന്ദർശനം. ലഷ്‌കറെ തോയിബയുടെ നിഴൽ സംഘടനയായ ടിആർഎഫ് നടത്തിയ പഹൽഗാം ആക്രമണത്തിൽ 25 സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ശ്രീനഗറിലെത്തിയ അദ്ദേഹം രാത്രി അവിടെ തങ്ങിയ ശേഷം വ്യാഴാഴ്‌ച ലഡാക്കിലേക്ക് പോകും.
'ജമ്മു കശ്‌മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം'; കശ്‌മീരിലേക്കുള്ള യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്നും സെർജിയോ ഗോർ
