യുദ്ധക്കൊതി തീരാതെ ഇറാൻ; യൂറോപ്യൻ രാജ്യങ്ങൾക്കും ഭീഷണി

യുദ്ധക്കൊതി തീരാതെ ഇറാൻ; യൂറോപ്യൻ രാജ്യങ്ങൾക്കും ഭീഷണി


മധ്യപൂർവേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നതിന് പിന്നാലെ, യുദ്ധം കൂടുതൽ രൂക്ഷമായാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ.  ഇറാനിയൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള രണ്ട് വ്യക്തികളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ-ഇസ്രായേൽ സഖ്യത്തെ സഹായിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. 

അമേരിക്കൻ നടപടികൾ അതിരുവിട്ടാൽ മിസൈൽ ആക്രമണങ്ങൾ യൂറോപ്പിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഇറാനിയൻ വൃത്തങ്ങൾ നൽകുന്ന സൂചന. ബൾഗേറിയ, സൈപ്രസ് തുടങ്ങിയ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ യുഎസ്/നാറ്റോ സൈനിക താവളങ്ങൾ ഇറാന്റെ നിരീക്ഷണത്തിലാണ്. യുഎസ് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്ക് തങ്ങളുടെ ബെസ്മർ വ്യോമതാവളം ഉപയോഗിക്കാൻ ബൾഗേറിയ അടുത്തിടെ അനുമതി നൽകിയിരുന്നു. ബ്രിട്ടീഷ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമായ സൈപ്രസിൽ കഴിഞ്ഞ മാർച്ചിൽ ഒരു ഡ്രോൺ ആക്രമണം നടക്കുകയും ചെയ്തിരുന്നു. 

സംഘർഷം വ്യാപിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലെ കടലിനടിയിലുള്ള ഫൈബർ-ഓപ്റ്റിക് കേബിളുകൾ ആക്രമിക്കാനുള്ള സാധ്യത ഇറാൻ സേന പരിശോധിച്ചിരുന്നെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 

അമേരിക്കൻ സൈന്യത്തെ സഹായിക്കുന്ന ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. യുഎസിന് അവരുടെ സൈനിക ആവശ്യങ്ങൾക്കായി ഗൾഫ് രാജ്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള സഹായമോ പിന്തുണയോ നൽകിയാൽ, അത് യുഎസിന്റെ സൈനിക നീക്കങ്ങളിൽ നേരിട്ട് പങ്ക്‌ചേരുന്നതിന് തുല്യമായി കണക്കാക്കുമെന്ന് ഇറാനിയൻ സായുധ സേന മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകുന്നതും കുറ്റകരമാണെന്നും ഇറാൻ പറയുന്നു.