ബെംഗളൂരു: ഇന്ത്യയുടെ ഐ ടി കേന്ദ്രമായി അറിയപ്പെടുന്ന കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ദരാമയ്യ അറിയിച്ചു.
സംസ്ഥാനത്തിന്റെ 17-ാമത് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഡിജിറ്റല്‍ അടിമത്തവും മാനസിക- സാമൂഹിക പ്രശ്‌നങ്ങളും തടയുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഉപയോഗം വര്‍ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
സംസ്ഥാന ഐ ടി- ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാര്‍ഗേ യുവാക്കളില്‍ നിര്‍മിത ബുദ്ധിയും സോഷ്യല്‍ മീഡിയയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.
അതിനൊപ്പം ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു കുട്ടികളില്‍ അമിതമായ സ്‌ക്രീന്‍ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന ആശങ്കയും ഉയര്‍ത്തിയിരുന്നു.
അതേസമയം ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ സുരേഷ് കുമാര്‍ നിയന്ത്രണമില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുടുംബജീവിതത്തെയും ബാധിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി വിഷയത്തെ ഗൗരവമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയ്ക്കു പുറമെ ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയയോ മൊബൈല്‍ ഫോണ്‍ ഉപയോഗമോ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പരിഗണിക്കുകയാണ്. ഗോവയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തുന്നുണ്ടെന്ന് അവിടുത്തെ ഐ ടി മന്ത്രി അറിയിച്ചു.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ, സൈബര്‍ ബുള്ളിയിംഗ്, സ്‌ക്രീന്‍ അടിമത്തം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള ചര്‍ച്ചകള്‍ ശക്തമായത്.
