ഡൽഹിയിൽ പ്രതിഷേധം തടഞ്ഞ് പൊലീസ്; മമത ബാനർജിയും പിണറായി വിജയനും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ പ്രതിഷേധം തടഞ്ഞ് പൊലീസ്; മമത ബാനർജിയും പിണറായി വിജയനും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ കസ്റ്റഡിയിൽ


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധം തടയാൻ പൊലീസ് നടപടി ശക്തമാക്കി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എ വിജയരാഘവൻ, പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മഹിളാ  വിദ്യർഥി  യുവജന നേതാക്കൾ, എം പിമാർ തുടങ്ങിയവരെയാകെ കസ്റ്റഡിയിൽ എടുത്തു. 
വിദ്യാർഥി നേതാവ് നേഹ ബോറ, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങി പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെ കടത്തിവിടാതെ കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപകമായി കസ്റ്റഡിയിലെടുക്കലുകൾ നടന്നു. 
ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് നേതാക്കളെയും ഡൽഹിയിലെ മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിലേക്ക് പോകാൻ കഴിയാതിരുന്ന നേഹ ബോറ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെയും പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ദില്ലി ഹാട്ടിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തു.

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയെയും ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്യൂബർ ധ്രുവ് റാത്തിയെയും പ്രതിഷേധത്തിന് മുമ്പുതന്നെ കസ്റ്റഡിയിലെടുത്തു. ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ദിപ്‌കെയെയും പാർട്ടി പ്രവർത്തകരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും പൊലീസ് വിമാനത്തിനുള്ളിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വസതിയിൽനിന്നാണ് ധ്രുവ് റാത്തിയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 45 മെട്രോ സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള യാത്രയും നിയന്ത്രിക്കുകയും കേന്ദ്ര ഡൽഹിയിലെ ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഗതാഗത പരിശോധനകളും ബാരിക്കേഡുകളും ശക്തമാക്കി. ആവശ്യമായിവന്നാൽ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളായി ഉപയോഗിക്കാനും ക്രമീകരണമുണ്ടാക്കിയിരുന്നു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണമാണ് പ്രതിഷേധത്തിന് പിന്നിൽ. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കിയതിനെച്ചൊല്ലി പ്രതിപക്ഷം ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. പട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, മരിച്ചവർ തുടങ്ങിയവരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. അർഹരായവർക്ക് വീണ്ടും പേര് ചേർക്കാമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ കമ്മിഷനും ബിജെപിയും നിഷേധിച്ചു.

പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി വിമർശനമുന്നയിച്ചു. അതേസമയം, അനുമതിയില്ലാത്ത പ്രതിഷേധവും ക്രമസമാധാന പ്രശ്‌നങ്ങളും തടയാനാണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് നിലപാട്. കസ്റ്റഡിയിലെടുത്തവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്; ചില റിപ്പോർട്ടുകൾ 1,500ലധികം പേർ കസ്റ്റഡിയിലായതായി പറയുന്നു.
ഡൽഹിയിൽ പ്രതിഷേധം തടഞ്ഞ് പൊലീസ്; മമത ബാനർജിയും പിണറായി വിജയനും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ കസ്റ്റഡിയിൽ