കിട്ടിയവരെയെല്ലാം ഓടിനടന്ന് പിടികൂടി തടങ്കലിലാക്കി; പിണറായിയടക്കം 4 മുൻ മുഖ്യമന്ത്രിമാരും ദീപ്കെയുമടക്കം മൂവായിരത്തിലേറെ പേർ കസ്റ്റഡിയിൽ

കിട്ടിയവരെയെല്ലാം ഓടിനടന്ന് പിടികൂടി തടങ്കലിലാക്കി; പിണറായിയടക്കം 4 മുൻ മുഖ്യമന്ത്രിമാരും ദീപ്കെയുമടക്കം മൂവായിരത്തിലേറെ പേർ കസ്റ്റഡിയിൽ


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ സംഘർഷഭരിതമാകുന്നു. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പിണറായി വിജയനടക്കം 4 മുൻ മുഖ്യമന്ത്രിമാരും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ പൊലീസ് തെരുവില്‍ തല്ലിച്ചതച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷ ഘോഷിനടക്കം മര്‍ദ്ദനമേറ്റു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം തെരുവില്‍ വലിച്ചിഴച്ച് പൊലീസ് വാഹനങ്ങളിലേക്ക് തള്ളിക്കയറ്റി. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെയും തെരുവില്‍ വലിച്ചിഴച്ചു. 

മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് വിമാനത്തിനുള്ളിൽ കയറി നാടകീയമായി കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയെയും മോദിയുടെ ഭയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് ദീപ്കെ പ്രതികരിച്ചു. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയിൽ നിന്നെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി, മണിക്ക് സർക്കാർ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ഓഫീസിന് അവധി പ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെ കേരള ഹൗസ് പരിസരത്ത് നിന്നാണ് പോലീസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത പിണറായിയെ മണിക്കൂറുകളോളം നഗരത്തിൽ വട്ടംകറക്കിയ പോലീസ്, അവശനായ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ പോലും നൽകിയില്ലെന്ന് ഇടത് എംപിമാർ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിൽ കാലുകുത്തിയ ഉടൻ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു.

നേതാക്കളെ പോലീസ് അജ്ഞാത തടവറകളിലേക്ക് മാറ്റിയ സാഹചര്യത്തിൽ അനധികൃത കസ്റ്റഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് സിജെപിയുടെ തീരുമാനം. കൂടുതൽ അറസ്റ്റുകൾ മുൻകൂട്ടി കണ്ട് സമരം നയിക്കാൻ അജിൻക്യ ഷിൻഡെയെ ദീപ്കെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡി നീക്കങ്ങളെ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ തെരുവിൽ നിലയുറപ്പിച്ചതോടെ ഡൽഹി പൂർണ്ണമായും സമരഭൂമിയായി മാറി. കഴിഞ്ഞ 4 ദിവസമായി സമരമുഖത്തുണ്ടായിരുന്ന കോൺഗ്രസ് ഇന്ന് വലിയ തോതിൽ രംഗത്തെത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലവിൽ ചെന്നൈയിലാണ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് രാഹുൽ ഇന്ന് രാത്രി ചെന്നൈയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തും. ശേഷമാകും കോൺഗ്രസിന്‍റെ പ്രതിഷേധങ്ങൾ.

അതേസമയം, ഡൽഹിയിൽ ചില വിഭാഗങ്ങൾ അരാജകത്വവും അക്രമങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ആ നാടകം ഇന്ന് പൂർണ്ണമായി പൊളിഞ്ഞു വീണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. പ്രതിഷേധക്കാരുടെ ആൾക്കൂട്ട തന്ത്രങ്ങൾക്ക് മേൽ സത്യവും നിയമ സംവിധാനങ്ങളും വിജയിച്ചുവെന്നും, അക്രമങ്ങൾ അഴിച്ചുവിട്ട് രാജ്യ തലസ്ഥാനത്ത് ക്രമസമാധാന നില തകർക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെ മൂന്നര മണിക്കൂർ വട്ടംകറക്കി ഡൽഹി പോലീസ് 

ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ഡൽഹി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സിപിഎം പിബി അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

കേരള ഹൗസിന് മുമ്പിൽ നേതാക്കളെ വലിച്ചിഴച്ച് പോലീസ് 

ജന്തർമന്തർ സമരത്തിന് മുന്നോടിയായി കേരള ഹൗസിൻ്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി. മുതിർന്ന നേതാക്കളായ എം.എ ബേബി, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, വി ശിവദാസൻ എംപി, പി രാജീവ് എന്നിവരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ പൊലീസ് ആക്രമണത്തിൽ പി.കെ ശ്രീമതി തറയിൽ വീണു. പി.കെ ശ്രീമതിയെയും എം.എ ബേബിയെയും പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഡൽഹി പൊലീസ്. പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തടഞ്ഞു. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ.എൻ ബാലഗോപാൽ എന്നിവർ ജന്തർമന്തറിലേക്ക് നടന്നുനീങ്ങി.

ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംഘം കേരള ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് നീങ്ങിയത്. എന്നാൽ കേരള ഹൗസിന് സമീപം ബാരിക്കേഡുകൾ തീർത്ത് വൻ പൊലീസ് സന്നാഹം ഇവരെ തടയുകയും കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ ഇടത് സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റി.

പിണറായിയുടെ കസ്റ്റഡി: അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിക്ക് നിർദേശം

പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മോചനത്തിന് അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കസ്റ്റഡിയിലെ സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെട്ട് മോചനത്തിന് വേണ്ട ഇടപെടലുകൾ നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് എം പിയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസ് തുടരുന്നതെന്നും പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് വിവരിച്ചിരുന്നു. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു

രാവിലെ മുതല്‍ മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലിലാക്കിയിരുന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ വിട്ടയച്ചു. രാവിലെ പത്തരയ്ക്കാണ് പിണറായി വിജയന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. വളരെ വിചിത്രമായ നടപടികളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു ബൊലോറ ജീപ്പില്‍ കയറ്റിയ തങ്ങളെ മൂന്നരമണിക്കൂറോളം ഡല്‍ഹി നഗരത്തില്‍ ചുറ്റിച്ചു. പിന്നീട് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ കുറച്ച് നേരം കൊണ്ടു നിര്‍ത്തി. തുടര്‍ന്ന് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജന്ദര്‍മന്ദറില്‍ നിന്ന് തൊട്ടടുത്താണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷന്‍. രാജ്യം പൊതുവില്‍ ജനാധിപത്യ നിഷേധത്തിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെട്ട് വരുന്നു. ഇത്തരത്തില്‍ പങ്ക് വഹിക്കാനായതില്‍ അഭിമാനം. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമായി വളര്‍ന്ന് വരും. ഉന്നതരില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണല്ലോ പൊലീസ് പെരുമാറുക. കൂടുതല്‍ കരുത്തോടെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.