മനിലയില്‍ ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി മോഡി; ഇന്ന് ആസിയാന്‍, ക്വാഡ് ഉച്ചകോടികളില്‍ പങ്കെടുക്കും

മനിലയില്‍ ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി മോഡി; ഇന്ന് ആസിയാന്‍, ക്വാഡ് ഉച്ചകോടികളില്‍ പങ്കെടുക്കും


മനില: ആസിയാന്‍, ക്വാഡ് ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വ്യക്തമാക്കുന്ന പരിപാടികളിലും പങ്കെടുത്തു.

മനില അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഫിലിപ്പീന്‍സ് അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹോട്ടലില്‍ ഇന്ത്യന്‍ പ്രവാസികള്‍ മോഡിയെ വരവേല്‍ക്കുകയും അദ്ദേഹം അവരുമായി സംവദിക്കുകയും ചെയ്തു. ഫിലിപ്പീന്‍സില്‍ ഏകദേശം 70,000 ഇന്ത്യന്‍ വംശജരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരില്‍ വലിയൊരു വിഭാഗം ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

തുടര്‍ന്ന് ഇലിഗന്‍ സിറ്റിയിലെ ഇന്റഗ്രേറ്റഡ് പെര്‍ഫോമിങ് ആര്‍ട്‌സ് ഗില്‍ഡ് അവതരിപ്പിച്ച 'സീത: ദി രാമായണ റിവിസിറ്റഡ്' എന്ന നാടകാവിഷ്‌കാരവും പ്രധാനമന്ത്രി വീക്ഷിച്ചു. പുരാതന ഇന്ത്യന്‍ ഇതിഹാസമായ രാമായണം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിത്തീര്‍ന്നതെങ്ങനെയെന്ന് അവതരിപ്പിച്ച പരിപാടി ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള പൊതുവായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി.

ശ്രീ സത്യസായി സ്‌കൂളിലെ ഇന്ത്യന്‍, ഫിലിപ്പീന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൂര്‍ണകുംഭ ശ്ലോകവും ചൊല്ലി.

ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ആര്‍ മാര്‍ക്കോസ് ജൂനിയര്‍ ഒരുക്കിയ അത്താഴവിരുന്നിലും മോഡി പങ്കെടുത്തു. 49-ാമത് ആസിയാന്‍ ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും പങ്കെടുക്കുന്ന നേതാക്കള്‍ക്കായി മനിലയിലെ ഫിലിപ്പീന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിരുന്ന്.

ഫിലിപ്പീന്‍സിലെ പുരുഷന്മാരുടെ പരമ്പരാഗത ഔപചാരിക വസ്ത്രമായ 'ബറോങ് തഗലോഗ്' അണിഞ്ഞാണ് മോഡി വിരുന്നിനെത്തിയത്. പ്രസിഡന്റ് മാര്‍ക്കോസും മറ്റ് പ്രമുഖരും സമാനമായ വസ്ത്രമാണ് ധരിച്ചിരുന്നത്. 'ഭാവിയെ നയിക്കുക' എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച 23-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയിലും 21-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി എന്നിവര്‍ക്കൊപ്പം ക്വാഡ് നേതൃഉച്ചകോടിയിലും മോഡി പങ്കെടുക്കും.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ക്വാഡ് നേതാക്കളുടെ യോഗം നടക്കുന്നത്. തുടര്‍ച്ചയായ ഏഴാം ക്വാഡ് നേതൃഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോഡി, ഇതുവരെ നടന്ന എല്ലാ പതിപ്പുകളിലും പങ്കെടുത്ത ഏക നേതാവെന്ന നേട്ടവും സ്വന്തമാക്കും. ആസിയാന്‍ യോഗങ്ങളുടെ ഭാഗമായി മനിലയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട കൂട്ടായ്മയാണ് ക്വാഡ്. 2004-ലെ ഇന്ത്യന്‍ മഹാസമുദ്ര സുനാമിക്കുശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലൂടെയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. 2021-ല്‍ നേതൃതല കൂട്ടായ്മയായി ഇത് ഉയര്‍ത്തപ്പെട്ടു.

സമുദ്ര- അന്തര്‍ദേശീയ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധിയും സുരക്ഷയും, നിര്‍ണായകവും വളര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, മാനുഷിക സഹായവും അടിയന്തര ദുരന്തപ്രതികരണവും എന്നിവയാണ് ക്വാഡിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. സമുദ്ര നിരീക്ഷണം, നിര്‍ണായക ധാതുക്കള്‍, സുരക്ഷിത വിതരണ ശൃംഖലകള്‍ തുടങ്ങിയ വിഷയങ്ങളും കൂട്ടായ്മയുടെ അജണ്ടയിലുണ്ട്.

ആസിയാന്‍ രാജ്യങ്ങളുടെ ഐക്യത്തിനും മേഖലയില്‍ അവയുടെ കേന്ദ്രസ്ഥാനത്തിനും ക്വാഡ് പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും ആസിയാനും 2026 സമുദ്ര സഹകരണ വര്‍ഷമായി ആചരിക്കുകയാണ്. ഉച്ചകോടികളില്‍ ഇന്ത്യ- ആസിയാന്‍ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തും. വ്യാപാരം, ഗതാഗത- വാര്‍ത്താവിനിമയ ബന്ധം, ഇന്തോ- പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

ചൊവ്വാഴ്ച മനിലയിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര ഖല്‍സ ദിവാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബില്‍നിന്ന് കുടിയേറിയവര്‍ സ്ഥാപിച്ച ഗുരുദ്വാരയാണ് ഖല്‍സ ദിവാന്‍. ഫിലിപ്പീന്‍സിലെ ഏറ്റവും പഴക്കമുള്ള ഗുരുദ്വാരയായ ഇത് സിഖ് സമൂഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്.