ഭീകര റിക്രൂട്ട്‌മെന്റിനും ആശയവിനിമയത്തിനും പുതിയ രീതി; പോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളും

ഭീകര റിക്രൂട്ട്‌മെന്റിനും ആശയവിനിമയത്തിനും പുതിയ രീതി; പോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളും


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഭീകര റിക്രൂട്ട്മെന്റിനും ആശയവിനിമയത്തിനുമായി പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര ഹാന്‍ഡ്ലര്‍മാരും പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയും പോണ്‍ വെബ്സൈറ്റുകളിലെയും ആപ്പുകളിലെയും ചാറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, സിഗ്നല്‍ തുടങ്ങിയ ജനപ്രിയ സമൂഹമാധ്യമ ആപ്പുകള്‍ ഉപേക്ഷിച്ച് കൂടുതല്‍ രഹസ്യസ്വഭാവമുള്ള ആശയവിനിമയ മാര്‍ഗങ്ങളിലേക്ക് ഭീകരര്‍ മാറിയതായാണ് വിവരം.

സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനായി ഭീകര സംഘടനകളും ഐ എസ് ഐയും ഇത്തരം രഹസ്യ ചാനലുകള്‍ വഴി ജമ്മു കശ്മീരിലെ യുവാക്കളെയും റിക്രൂട്ട്മെന്റിനായി ലക്ഷ്യമിടുന്നവരെയും ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള പോണ്‍ വെബ്സൈറ്റുകളും ആപ്പുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നിരോധിത പോണ്‍ ആപ്പുകളില്‍ ചിലത് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) സേവനങ്ങള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു. ഇന്റര്‍നെറ്റ് വിലാസം മറച്ചുവെക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നത് ഇതുവഴി ബുദ്ധിമുട്ടാണ്.

ഉപയോക്താക്കള്‍ക്ക് സമീപത്തുള്ളവരുമായി ഡേറ്റിങ്ങിനായി ബന്ധപ്പെടാനുള്ള സൗകര്യമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ടൈം ചാറ്റ് സംവിധാനങ്ങള്‍ ഇത്തരം പോണ്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഈ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഭീകര ഹാന്‍ഡ്ലര്‍മാര്‍ സന്ദേശങ്ങള്‍ കൈമാറുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍.


ടോര്‍ അധിഷ്ഠിത മെസേജിങ് ആപ്പുകളും


പ്രത്യേക ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആശയവിനിമയ രീതിയിലെ ഈ മാറ്റം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

കോറ്റെക്സ്, കോനിയന്‍ തുടങ്ങിയ ടോര്‍ അധിഷ്ഠിത മെസേജിങ് ആപ്പുകളാണ് ഭീകര ഹാന്‍ഡ്ലര്‍മാര്‍ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. എന്‍ക്രിപ്റ്റഡ് നോഡുകളിലൂടെ ഡേറ്റ കൈമാറി ഉപയോക്താക്കളുടെ വ്യക്തിത്വം മറച്ചുവെക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കുന്നു.

അജ്ഞാതമായി ആശയവിനിമയത്തിനും സ്വകാര്യ വെബ് ബ്രൗസിങ്ങിനുമായി രൂപകല്‍പ്പന ചെയ്ത സൗജന്യ ഓപ്പണ്‍ സോഴ്സ് നെറ്റ്വര്‍ക്ക് സംവിധാനമാണ് ടോര്‍ (ദി ഒനിയന്‍ റൗട്ടര്‍). 

കോനിയന്‍ ആപ്പിന്റെ എപികെ (ആന്‍ഡ്രോയ്‌സ് പാകേജ് കിറ്റ്) ഫയലിന് ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പുകള്‍ വിതരണം ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റാണ് എ പി കെ.

സിം കാര്‍ഡോ ഫോണ്‍ നമ്പറോ ആവശ്യമില്ലാതെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഫ്രാന്‍സ് ആസ്ഥാനമായുള്ള സ്വകാര്യതാ കേന്ദ്രീകൃത ആപ്പുകളും ഭീകരര്‍ ഉപയോഗിക്കുന്നതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.


വിയറ്റ്‌നാം ആപ്പുകളും മൂണ്‍ചാറ്റും നിരീക്ഷണത്തില്‍


വിയറ്റ്‌നാം ആസ്ഥാനമായുള്ള ചില ആപ്പുകളും മൂണ്‍ചാറ്റ് പോലുള്ള അജ്ഞാത പ്ലാറ്റ്ഫോമുകളും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്. പരമ്പരാഗത രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ മറികടക്കുന്ന, ചൈനീസ് ഉറവിടങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പി ജി പി എന്‍ക്രിപ്ഷന്‍ പതിപ്പുകളും ചില പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ടോര്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേക വെല്ലുവിളിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന നിരവധി റിലേ നോഡുകളിലൂടെ എന്‍ക്രിപ്റ്റഡ് ട്രാഫിക് തിരിച്ചുവിടുന്നതിനാല്‍ വിവരങ്ങളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.

നിയമാനുസൃതമായ സ്വകാര്യതാ സംരക്ഷണത്തിനും സെന്‍സര്‍ഷിപ്പ് മറികടക്കുന്നതിനുമായി യു എസ് ആസ്ഥാനമായ ലാഭേച്ഛയില്ലാത്ത സംഘടനയായ 'ദ ടോര്‍ പ്രോജക്ട്' ആണ് ടോര്‍ സംവിധാനം പരിപാലിക്കുന്നത്. എന്നാല്‍ ടോറിന്റെ അജ്ഞാതതാ സംവിധാനങ്ങള്‍ ഭീകര സംഘടനകള്‍ ഉള്‍പ്പെടെയുള്ള രഹസ്യ ശൃംഖലകള്‍ ദുരുപയോഗം ചെയ്യുന്നതായി സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.


വിദേശ വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ക്കെതിരെയും നടപടി


വിദേശ കമ്പനികള്‍ വികസിപ്പിച്ച വെര്‍ച്വല്‍ സിം കാര്‍ഡുകളുടെ ഉപയോഗത്തിനെതിരെ സുരക്ഷാ സേന നടപടി ശക്തമാക്കിയതിനിടെയാണ് ഭീകരരുടെ പുതിയ ആശയവിനിമയ രീതി പുറത്തുവന്നത്.

പ്രത്യേക ആപ്പുകളുടെ സഹായത്തോടെ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഫോണ്‍ നമ്പറുകള്‍ കമ്പ്യൂട്ടറുകള്‍ വഴി സൃഷ്ടിക്കാന്‍ ഇത്തരം വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ സഹായിക്കും. ഡിജിറ്റല്‍ തെളിവുകള്‍ വളരെ കുറച്ച് മാത്രമേ അവശേഷിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2019ലെ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ രീതിയുടെ ഉപയോഗം ആദ്യമായി പുറത്തുവന്നത്. ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദ് ചാവേറും കൂട്ടാളികളും 40ലധികം വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കണ്ടെത്തിയിരുന്നു.