നാഗാലാന്റിലെ ആറ് ജില്ലകളില്‍ ആരും വോട്ട് ചെയ്തില്ല

നാഗാലാന്റിലെ ആറ് ജില്ലകളില്‍ ആരും വോട്ട് ചെയ്തില്ല


കൊഹിമ: നാഗാലാന്‍ഡിലെ ലോക്സഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ ആറ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. 

ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ഇഎന്‍പിഒ) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആറിടത്തും വോട്ടിങ് ശതമാനം പൂജ്യമായി.

മേഖലയിലെ ആറ് ജില്ലകളിലെ 738 പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായി നാഗാലാന്‍ഡ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അവ ലോറിംഗ് പറഞ്ഞു. ആറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്.അവര്‍ ഇ എന്‍ പി ഒയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തീരുമാനിക്കുകയും പോളിംഗ് ദിവസം വീടിനുള്ളില്‍ തന്നെ കഴിയുകയും ചെയ്തു. 

ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ 2010 മുതല്‍ ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ്- പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നു. മോണ്‍, തുന്‍സാങ്, ലോംഗ്ലെംഗ്, കിഫിര്‍, ഷാമതോര്‍, നോക്ലാക് എന്നീ ആറ് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് സംഘടന പറയുന്നു. 60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ ഈ ഏരിയയ്ക്ക് 20 സീറ്റുകളാണുള്ളത്. 

നാഗാലാന്‍ഡിലെ ഏഴ് ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ഇഎന്‍പിഒ. നാഗാലാന്‍ഡില്‍ നിന്ന് വേര്‍പെടുത്തി ഒരു പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന ഇവര്‍ ആറ് ജില്ലകളില്‍ 'പൊതു അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്നും പ്രസ്താവിച്ചു.

'ആഭ്യന്തര മന്ത്രാലയം മുഖേന ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടറി (എഫ് എന്‍ ടി) സൃഷ്ടിക്കുന്നതിനുള്ള ആവശ്യം തീര്‍പ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് കാലതാമസം വരുത്തുന്നത് കണക്കിലെടുത്ത്, ആദിവാസി സംഘടനകളും മുന്നണി സംഘടനകളും ഇതിനാല്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ഉടനീളം പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു,' എന്നായിരുന്നു സംഘടനയുടെ പ്രസ്താവന.