ബദ്രിനാഥ് ക്ഷേത്രത്തിലും വഴിപാടുതട്ടിപ്പ് ആരോപണം; ചെയർമാന്റെ ഓഫീസ് ജീവനക്കാരന് സസ്‌പെൻഷൻ

ബദ്രിനാഥ് ക്ഷേത്രത്തിലും വഴിപാടുതട്ടിപ്പ് ആരോപണം; ചെയർമാന്റെ ഓഫീസ് ജീവനക്കാരന് സസ്‌പെൻഷൻ


ഡെറാഡൂൺ: ബദ്രിനാഥ് ക്ഷേത്രത്തിലെ വഴിപാടുകളും ഭക്തർ നൽകുന്ന സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് ബദ്രിനാഥ് കേദാർനാഥ് ക്ഷേത്രസമിതി (ബി.കെ.ടി.സി) ചെയർമാന്റെ ഓഫിസിലെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.

ചെയർമാന്റെ ഓഫിസിൽ പേഴ്‌സണൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പ്രമോദ് നൗട്ടിയാലിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്ന് ജൂലൈ 3ന് നൗട്ടിയാലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താൻ നാലംഗ സമിതിയെ ക്ഷേത്രസമിതി നിയോഗിച്ചു.

അന്വേഷണ സമിതി സമർപ്പിച്ച പ്രാഥമിക റപ്പോർട്ടും നൗട്ടിയാൽ നൽകിയ വിശദീകരണവും പരശോധിച്ച ശേഷമാണ് ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതെന്ന് ക്ഷേത്രസമിതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

ബദ്രിനാഥ് ധാമിലെ വഴിപാടുകളുടെയും സംഭാവനകളുടെയും നടത്തിപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ഇപ്പോൾ അന്വേഷണവിധേയമായിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണ റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രസമിതി വ്യക്തമാക്കി.