കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ചുപേർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു. ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങളുടെ സഹായത്തോടെ മീനാക്ഷിപ്പാലത്തിന് സമീപം മണ്ണ് നീക്കം ചെയ്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യമണ്ടോ എന്ന് കണ്ടെത്താൻ സ്‌പോട്ട് ലൊക്കേഷൻ ക്യാമറകളും രണ്ട് സ്‌നിഫർ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.
മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളിലായി എഴുപതോളം അംഗങ്ങൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ മൂന്ന് അതിഥിത്തൊഴിലാളികളുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
പരിക്കേറ്റ ഒൻപതുപേരിൽ രണ്ടുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴുപേരിൽ രണ്ടപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരിൽ ഒരാളുടെ തലയ്ക്കും ഇരുകാലുകൾക്കും മറ്റൊരാളുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കുണ്ട്. സൈറ്റ് എൻജിനീയറായ എറണാകുളം സ്വദേശിയുടെയും ചികിത്സ തുടരുകയാണ്.
അതേസമയം, അപകടസാധ്യത കണക്കിലെടുത്ത് മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് 42 കുടുംബങ്ങളിലെ 142 പേരെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പിലും അപകടസ്ഥലത്തും 24 മണിക്കൂറും ആരോഗ്യസേവനവും ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വയനാട് മണ്ണിടിച്ചിൽ: രാത്രി വൈകിയും രക്ഷാപ്രവർത്തനം; അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു
