തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയില്‍ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇതൊരു പ്രകൃതിദത്ത ഉരുള്‍പൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് വിവരം. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അടിയന്തര പരിശോധന തുടരുകയാണ്. മുന്‍കൂര്‍ നല്‍കിയ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും, അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടന്‍ മാറ്റണമെന്നും, മഴപെയ്താല്‍ ഉണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് കരാറ് കമ്പനിക്ക് നേരത്തെ മുന്നറിയപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അപകട ഭീഷണി നേരിടുന്ന എട്ടോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ കരാറ് കമ്പനിക്ക് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവ നടപ്പാക്കാതിരുന്നതെന്ന് വിശദമായി പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മസ്റ്റര്‍ റോള്‍ പരിശോധിച്ചതില്‍ 7 പേരെ കണ്ടെത്താനുണ്ടെന്ന സംശയമുണ്ട്. അതിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ഈ അപകടം നടന്ന സമയത്ത് തൊഴിലാളികള്‍ക്ക് പുറമെ പ്രദേശവാസികള്‍ ആരെങ്കിലും ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയില്‍ നിന്നുള്ള എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ക്കും അടിയന്തരമായി കള്ളാടിയിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്റെ 30 അംഗ സംഘം വീതം വയനാട്,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും അപകട സ്ഥലത്തോക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ തൃശ്ശൂരില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ സംഘത്തെ കോഴിക്കോട്ടേക്കും വിന്യസിച്ചിട്ടുണ്ട്. പാണ്ടിക്കാടില്‍ നിന്ന് എസ്ഡിആര്‍എഫിന്റെ 50 അംഗ സംഘത്തെയും നിയോഗിച്ചു. ആത്മ,സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ 100 അംഗ ടീമും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കാനുള്ള യന്ത്രങ്ങള്‍ എത്തിക്കാനും നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹാചര്യത്തില്‍ ഉപയോഗിക്കുന്നതിനായി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സിന്റെ 100 അംഗ സംഘത്തെ സ്റ്റാന്‍ഡ് ബൈയായി നിര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കല്‍പറ്റ ടൗണ്‍ഷിപ്പിലും സമാന രീതിയില്‍ വ്യാപകമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമാണ്. ഇന്ന് ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മണ്ണ് നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം കരാര്‍ കമ്പനിയായ ഊരാളുങ്കലിന് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം പലതവണ കരാറ് കമ്പനിയോട് ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ ടൗണ്‍ഷിപ്പിനോട് ചേര്‍ന്നുള്ള വീടുകളില്‍ അര്‍ധരാത്രി വെള്ളം കയറുന്ന സാഹചര്യമുണ്ടായി. മണ്ണ് നീക്കം ചെയ്യുന്നതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അപകടം നടന്ന പ്രദേശത്ത് 226 മില്ലീമീറ്റര്‍ മഴ രാവിലെ 8.30നും അതിന് ശേഷം 50 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.30നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പിശകുണ്ടായിട്ടുണ്ടോയെന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അപകടം സംഭവിച്ചത് മുതല്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തേണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി.സിദ്ദിഖ് നേരിട്ട് വിലയിരുത്തി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചു. വയനാട് ജില്ല കളക്ടറോട് അപകടസ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാടിലേക്ക് യാത്ര തിരിക്കും മുന്‍പ് തിരുവനന്തപുരത്ത് സംസ്ഥാന ദുരന്ത നിവാരാണ അതോറിറ്റി ആസ്ഥാനവും മന്ത്രി ടി.സിദ്ദിഖ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രക്ഷാപ്രവര്‍ത്തനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷം വൈകുന്നേരം മൂന്ന് മണിയോടെ റവന്യൂമന്ത്രി എപി അനില്‍ കുമാറിനൊപ്പം വയനാടിലേക്ക് തിരിച്ചു
കള്ളാടിയിലേത് മനുഷ്യനിര്‍മിത ദുരന്തം, വീഴ്ച പരിശോധിക്കും: മന്ത്രി ടി.സിദ്ദിഖ്
